കറങ്ങി വീണ് ഇംഗ്ലീഷ് ശൗര്യം
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ നാലാം ദിനം ട്രിപ്പിള്‍ സെഞ്ച്വറിയുമായി കരുണ്‍ നായര്‍ തന്റെ പേരിലാക്കിയെങ്കില്‍ അഞ്ചാം ദിനം രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. സമനിലയാകുമെന്നു ഉറപ്പിച്ച മത്സരത്തെ ഇന്ത്യക്കനുകൂലമാക്കിയത് ജഡേജയുടെ മാരക ബൗളിങായിരുന്നു. ഏഴു വിക്കറ്റുകള്‍ പിഴുത് ജഡേജ ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു. അതോടെ ഇന്ത്യക്കെതിരായ അവസാനത്തെ ടെസ്റ്റിലും ഇംഗ്ലണ്ടിനു തോല്‍വി പിണഞ്ഞു. ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചത്. അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-0ത്തിനു സ്വന്തമാക്കുകയും ചെയ്തു.
282 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 207 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയവും പരമ്പരയും നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 477 റണ്‍സെടുത്തപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ ശക്തമായ മറുപടി നല്‍കി. 25 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റെടുത്താണ് ജഡേജ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ ജഡേജ മൂന്നു വിക്കറ്റുകള്‍ പിഴുത് മത്സരത്തില്‍ ഒട്ടാകെ പത്തു വിക്കറ്റുകള്‍ കൊയ്തു. ജഡേജയുടെ മാരക ബൗളിങാണ് ഇന്ത്യക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. സ്പിന്നിനെ ഒട്ടും തുണയ്ക്കാത്ത പിച്ചിലായിരുന്നു ജഡേജയുടെ മാസ്മരിക ബൗളിങ്. ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്നു ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ പോലും ഉറപ്പിച്ചിരുന്നിടത്താണ് വിജയം എന്നത് തിളക്കമേറ്റുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 12 റണ്‍സുമായി അവസാന ദിനം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് കരുതലോടെ നീങ്ങി. ഓപണര്‍മാരായ നായകന്‍ അലിസ്റ്റര്‍ കുക്കും കെന്റ് ജന്നിങ്‌സും ചേര്‍ന്ന് അവരെ മുന്നോട്ടു നയിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്ന അവര്‍ക്ക് ആദ്യം പ്രഹരമേല്‍ക്കുന്നത് സ്‌കോര്‍ 103ല്‍ എത്തിയപ്പോള്‍. കുക്കിനെ രാഹുലിന്റെ കൈകളിലെത്തിച്ച് ജഡേജ കൂട്ടുകെട്ട് പൊളിച്ചു. 49 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. പരമ്പരയില്‍ ആറാം തവണയാണ് കുക്ക് ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത്. സ്‌കോര്‍ 110ല്‍ നില്‍ക്കേ ജന്നിങ്‌സിനെ സ്വന്തം ബൗളിങില്‍ പിടിച്ച് ജഡേജ രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. പിന്നീട് ഇംഗ്ലീഷ് ബൗളര്‍മാരുടെ ഘോഷയാത്രയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടീമിനു കരുത്തായ മോയിന്‍ അലി മാത്രമാണ് പിന്നീട് പിടിച്ചു നില്‍ക്കാന്‍ ധൈര്യം കാട്ടിയ ബാറ്റ്‌സ്മാന്‍. 44 റണ്‍സെടുത്തു പൊരുതിയ അലിയുടെ ചെറുത്തു നില്‍പ്പും ജഡേജ തന്നെ അവസാനിപ്പിച്ചു. അലിക്കൊപ്പം 23 റണ്‍സെടുത്തു സ്റ്റോക്‌സും അല്‍പ്പ നേരം ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ അവിടെയും ജഡേജയുടെ പന്ത് ഇന്ത്യയുടെ രക്ഷക്കെത്തി. പിന്നീട് ചടങ്ങ് തീര്‍ക്കേണ്ട ബാധ്യത മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളു. ആദ്യ വിക്കറ്റ് ഇംഗ്ലണ്ടിനു നഷ്ടമായത് 103 റണ്‍സായപ്പോഴാണെങ്കില്‍ പത്തു വിക്കറ്റുകളും 104 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ ബലി നല്‍കിയിരുന്നു. സാധാരണ ഗതിയില്‍ ഇന്ത്യന്‍ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാറുള്ള ആര്‍ അശ്വിന്‍ ഒരു വിക്കറ്റുമില്ലാതെ സ്വന്തം മൈതാനത്ത് നിശബ്ദനായപ്പോഴാണ് ജഡേജ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചത് എന്നതാണ് കൗതുകം. ശേഷിച്ച മൂന്നു വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവര്‍ പങ്കിട്ടു.
ട്രിപ്പിള്‍ സെഞ്ച്വറിയിലൂടെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച കരുണ്‍ നായരാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയുടെ താരമായി നായകന്‍ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു.
നോണ്‍ സ്റ്റോപ്പ് ഇന്ത്യ
ചെന്നൈ: വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കിയത്. തോല്‍വിയറിയാതെ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടീമെന്ന റെക്കോര്‍ഡും ഇനി ഈ ടീമിനു സ്വന്തം. 1985- 87 കാലത്തെ ഇന്ത്യന്‍ ടീം പരാജയമറിയാതെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡാണ് വഴി മാറിയത്. 2015 ഓഗസ്റ്റിലാണ് നിലവിലെ ഇന്ത്യന്‍ ടീം അവസാനമായി ടെസ്റ്റ് പരമ്പര തോറ്റത്. അന്നു ഗാല്ലെയില്‍ ശ്രീലങ്കക്കെതിരേ 63 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. പിന്നീട് അതേ ശ്രീലങ്കയെ തന്നെ വീഴ്ത്തി ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചു. ശ്രീലങ്കക്കെതിരേ 2-1ന്റെ പരമ്പര നേട്ടം. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3-0ത്തിന്റെ വിജയം. വെസ്റ്റിന്‍ഡീസിനെ 2-0ത്തിനും ന്യൂസിലന്‍ഡിനെ 3-0ത്തിനും ഇപ്പോള്‍ ഇംഗ്ലണ്ടിനെ 4-0ത്തിനും കീഴടക്കി ഇന്ത്യ പരമ്പര നേട്ടം ആവര്‍ത്തിച്ചു.
1982- 84 കാലഘട്ടത്തില്‍ പരാജയമറിയാതെ 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ വെസ്റ്റിന്‍ഡീസ് ടീമിന്റെ റെക്കോര്‍ഡാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. സ്വന്തം മണ്ണില്‍ തോല്‍വിയറിയാതെ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ റെക്കോര്‍ഡിനു തൊട്ടടുത്താണ് ഇപ്പോള്‍ കോഹ്‌ലിയുടെ ടീം. 1977-80 കാലത്തെ ഇന്ത്യന്‍ സംഘമാണ് ഇന്ത്യന്‍ മണ്ണില്‍ അപരാജിതരായി 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ ടീം 19 മത്സരങ്ങളിലായി തോല്‍വിയറിയാതെ കുതിക്കുകയാണ്. മഹേന്ദ്ര സിങ് ധോണി നായകനായിരുന്നപ്പോള്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലീഷ് ടീമാണ് അവസാനമായി ഇന്ത്യയെ കീഴടക്കിയത്. 2012ല്‍ ഈഡന്‍ ഗാര്‍ഡനിലായിരുന്നു ആ തോല്‍വി. പിന്നീട് ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ ആര്‍ക്കും കീഴടക്കാന്‍ സാധിച്ചിട്ടില്ല.
കരുത്തോടെ ഒന്നാം റാങ്കില്‍
ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിനു സ്വന്തമാക്കി ഒന്നാം റാങ്കിലെത്തിയതോടെ ഇന്ത്യ ഐ.സി.സിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെ കീഴടക്കി റേറ്റിങ് പോയിന്റ് 120ല്‍ എത്തിച്ച് ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍മാരായി തന്നെ വര്‍ഷത്തിനു അവസാനം കുറിക്കുന്നു. രണ്ടാം റാങ്കിലുള്ള ആസ്‌ത്രേലിയക്ക് 105 റേറ്റിങ് പോയിന്റുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."