ഫറോക്ക് ഇ.എസ്.ഐ ആശുപത്രി മികവിന്റെ കേന്ദ്രമാക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍
ഫറോക്ക്: മലബാറിലെ തൊഴിലാളികളുടെ പ്രധാന ചികിത്സാ കേന്ദ്രമായ ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രി മികവിന്റെ കേന്ദ്രമാക്കി വികസിപ്പിക്കുമെന്നു തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ആശുപത്രിയുടെ വികസനം സംബന്ധിച്ചു തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരുമായി വിശദമായ ചര്‍ച്ച ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതര രോഗം ബാധിച്ചവര്‍ക്കു റഫറല്‍ സംവിധാനമില്ലാതെ തന്നെ നേരിട്ട് ആശുപത്രികളില്‍ ചികിത്സലഭ്യമാക്കാന്‍ ബുധനാഴ്ച മുതല്‍ സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കി. ഈ സംവിധാനം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ തൊഴിലാളി സംഘടനകളോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ നിലവിലുളള ശോച്യാവസ്ഥ പരിഹരിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അടുത്ത ദിവസം തന്നെ ഇതിന്റെ ഗുണഫലം കണ്ടുതുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയുടെ നിലവിലുളള അവസ്ഥക്കു അടിമുടി മാറ്റം വരുത്തി ഇവിടെയെത്തുന്ന തൊഴിലാളികള്‍ക്ക് ഭേദപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സകിട്ടുന്നതിനു പ്രാപ്തമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ എട്ടില്‍ ഒരുഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനു ഈ മേഖലയില്‍ പങ്കാളിത്തം. ഭൂരിഭാഗപങ്കാളിത്തവും ഇ.എസ്.ഐ.കോര്‍പ്പറേഷനായതിനാല്‍ ധനവിനിയോഗത്തിലും സാങ്കേതിക ഇടപെടലുകളിലും നിരവധി തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമാറ്റി ബദല്‍ സൗകര്യം ഉണ്ടാക്കി ഇ.എസ്.ഐ.ആശുപത്രികളുടെ വകിസനത്തിനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തീവ്രശ്രമം നടത്തിവരികയാണ്.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും വൈകാതെ തന്നെ നികത്തും. ആശുപത്രികളിലും ഡിസ്പന്‍സറികളും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കും. ജീവിത ശൈലി, തൊഴില്‍ജന്യ രോഗങ്ങള്‍ക്കായുളള മരുന്നുകളും പ്രത്യേകമായി എത്തിക്കും. ഇവിടത്തെ കുടിവെളള പ്രശ്‌നം നഗരസഭയുടെ സഹായത്തോടെ പരിഹരിക്കും. സി.ടി സ്‌കാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരനെ നിയമിക്കാന്‍ മെമ്മോ നല്‍കി കഴിഞ്ഞതായും സ്ഥിരം ജീവനക്കാരന്റെ അഭാവത്തില്‍ താല്‍ക്കാലിക നിയമനമെങ്കിലും നടത്തി ആശുപത്രിയില്‍ സ്‌കാനിംഗിനു സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി മന്ത്രി നിര്‍ദ്ദേശിച്ചു. തൊഴിലാളി സംഘടനകള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുന്നയിച്ച പരാതികളും ആശങ്കകളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ വേഗത്തില്‍ തന്നെയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരകണക്കിനു തൊഴിലാളികള്‍ക്കായുളള പതിമൂന്ന് ഡിസ്‌പെന്‍സറികളുടെ റഫറല്‍ ആശുപത്രിയാണ് ഫറോക്കിലേത്. ഇത് മോഡല്‍ ആശുപത്രിയാകുന്നതോടെ ചികിത്സാരംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. വി.കെ.സി. മമ്മദ്‌കോയ എംഎല്‍.എ, ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി. സുഹറാബി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."