വ്യാപാരിക്കും കുടുംബത്തിനും മര്‍ദ്ദനം: പ്രതിഷേധം ശക്തമാകുന്നു
ചെങ്ങന്നൂര്‍: ചെറിയനാട് പടനിലം ജംഗ്ഷനില്‍ പലചരക്ക്-പച്ചക്കറി വ്യാപാരം നടത്തിവരുന്ന അര്‍ജ്ജുന്‍ സ്റ്റോഴ്‌സ് ഉടമ വിശ്വനാഥന്‍ (55) ഭാര്യ രമ (48) എന്നിവരെ കടയില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച് പരിക്കേല്‍പിച്ച സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ചെറിയനാട് പ്രദേശത്ത് കടകമ്പോളങ്ങള്‍ അടച്ച് പ്രതിഷേധിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മറ്റി അംഗം കെ.പി.മുരുകേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം സതീഷ് നായര്‍ മറ്റ് ഭാരവാഹികളായ സുനു തുരുത്തിക്കാട്, സാദത്ത്, വൈശാഖ്, രജീഷ് ആര്‍.നായര്‍, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പട്ടാപ്പകല്‍ കടയില്‍ കയറി ഉടമയെ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ വ്യാപിപ്പിക്കുമെന്നും സമിതി ഭാരവാഹികള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാവിലെ 11.30 ഓടെ ചില സാമൂഹ്യ വിരുദ്ധര്‍ വിശ്വനാഥന്റെ കടയിലെത്തി മദ്യപാനത്തിനായി ഗ്ലാസ്സും വെള്ളവും ആവശ്യപ്പെടുകയും കൊടുക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് ഉണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെയതെന്ന് വിശ്വനാഥന്‍ പറഞ്ഞു.
ഈ പ്രദേശത്ത് മദ്യപാനികളുടേയും മറ്റ് സാമൂഹ്യവിരുദ്ധരുടേയും ഗുണ്ടാവിളയാട്ടം നിത്യസംഭവമാണെന്നും പല പ്രാവശ്യം ഇക്കാര്യം പോലീസധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. മര്‍ദ്ദനത്തില്‍ വിശ്വനാഥന് ഗുരുതരമായി പരിക്കേറ്റു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് എതിര്‍ത്ത ഭാര്യ രമയേയും മര്‍ദ്ദിച്ചു. ഇവരുടെ ഇടതു തോളെല്ലിന് ഒടിവുണ്ട്. കടയിലെ സാധനസാമഗ്രികള്‍ തല്ലിതകര്‍ത്തു. ഇതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ് അവശരായ കടയുടമയേയും ഭാര്യയേയും ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."