ഐ.സി.ഐ.സി.ഐ ബാങ്ക് പണം തട്ടിയതായി പരാതി
കോട്ടയം: വായ്പയ്ക്കായി സമര്‍പ്പിച്ച ചെക്കുകള്‍ തിരുത്തി ഐ.സി.ഐ.സി.ഐ ബാങ്ക് പണം തട്ടിയതായി പരാതി. കാര്‍ത്തികപ്പള്ളി തെക്കേക്കര പോനകംമുറിയില്‍ ഹരീഷാണ് ഇത് സംബന്ധിച്ച് ഓംബുഡ്‌സ്മാനിലും കോടതിയിലും പരാതി നല്‍കിയത്.
പരാതിക്കാരനായ ഹരീഷ് 2003ല്‍ ഐ.സി.ഐ.സി കോട്ടയം കലക്ടറേറ്റ് ബാങ്കില്‍ നിന്നും ഏഴ് ലക്ഷം രൂപ ലോണ്‍ എടുക്കുകയും ഇത് മുടങ്ങാതെ അടയ്ക്കുകയും ചെയ്തിരുന്നു. അഞ്ചരലക്ഷം രൂപ ലോണ്‍ നിലനില്‍ക്കെ വീണ്ടും രണ്ടു ലക്ഷം രൂപ കൂടി 2005ല്‍ ലോണ്‍ എടുത്തു.
ഇതിന്റെ തിരിച്ചടവും മുടങ്ങിയിരുന്നില്ല. പിന്നീട് 2007ല്‍ രണ്ടാമത്തെ ലോണിനായി നല്‍കിയ ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് തിരുത്തിയെന്നാണ് പരാതി.
പല തവണയായി 17 ഓളം ചെക്കുകള്‍ തന്റെ അനുവാദമോ ഒപ്പോ കൂടാതെ തിരുത്തിയെന്ന് ഹരീഷ് പറയുന്നു. പിന്നീട് ഓംബുഡ്‌സ്മാനിലും, ലീഗല്‍ അതോറിട്ടിയിലും സബ്‌കോടതിയിലും കേസ് നല്‍കി.
എക്‌സ്പാര്‍ട്ടി വിധിയിന്മേല്‍ തുക കോടതിയില്‍ കെട്ടിവച്ചെങ്കിലും കൈപ്പറ്റാന്‍ ബാങ്ക് തയ്യാറായില്ല. ഇപ്പോള്‍ ആറര ലക്ഷത്തിലേറെ രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി ചെയ്യുമെന്നും കാട്ടി നോട്ടീസ് നല്‍കിയെന്നും ഹരീഷ് പറയുന്നു. ഇപ്പോള്‍ ഹൈക്കോടതിയിലെ ഡബത്ത് റിക്കവറി ട്രൈബ്യൂണലിന്റെ പരിഗണനയിലാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."