മരപ്പട്ടിയെ കൊന്ന് പാകം ചെയ്യുന്നതിനിടെ നാലുപേര്‍ അറസ്റ്റില്‍
ഇരിട്ടി: കൊട്ടിയൂര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട കാനാട് നിന്നു മരപ്പട്ടിയെ കൊന്ന് ഇറച്ചിയാക്കി പാകം ചെയ്യുന്നതിനിടെ നാലുപേര്‍ വനപാലക സംഘത്തിന്റെ പിടിയിലായി. ചാലോട് കുംഭം സ്വദേശികളായ പാലാക്കല്‍ സുകുമാരന്‍ എന്ന ആന സുകു(56), ഒതയോത്ത് ബാബുരാജ്(47), സി ബിജു(40), കെ.കെ സജീവന്(43) എന്നിവരെയാണ് കൊട്ടിയൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ വി രതീശനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ പാലാക്കല്‍ സുകുമാരന്‍ കാനാട് കീഴല്ലൂര്‍ റോഡില്‍ വച്ച് മരപ്പട്ടിയെ അടിച്ചു കൊല്ലുകയും സുഹൃത്തുക്കളെ കൂട്ടി ഇറച്ചിയാക്കി പാകം ചെയ്യുകയുമായിരുന്നു. കൊട്ടിയൂര്‍ എഫ്.ആര്.ഒ വി രതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മരപ്പട്ടിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇറച്ചിയും ഉള്‍പ്പെടെ സംഘം പിടിയിലായത്. തോലമ്പ്ര സെക്ഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ കെ.വി ആനന്ദ്, ബീറ്റ് ഓഫിസര്‍ കെ.വി വിനോദ് കുമാര്‍, ഡ്രൈവര്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."