പ്രണയ ഫോട്ടോകള്‍ ദുരുപയോഗം ചെയ്ത് വിവാഹജീവിതം തകര്‍ക്കുന്നത് വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
മലപ്പുറം: സ്‌കൂള്‍, കോളജ് പ്രണയ കാലത്ത് എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി ദുരുപയോഗം ചെയ്തു പെണ്‍കുട്ടികളുടെ വിവാഹജീവിതം തകര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍. ചെറുപ്പകാലത്തെ പ്രണയത്തില്‍ എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോകളും സെല്‍ഫികളും ഭാവിയില്‍ വിവാഹം നടക്കുമ്പോള്‍ വാട്‌സ് ആപ്പിലും മറ്റും പ്രചരിപ്പിച്ചു വിവാഹം മുടക്കുന്ന നിരവധി കേസുകള്‍ വനിതാ കമ്മിഷനു മുന്നിലെത്തിയതായി കമ്മിഷനംഗം അഡ്വ. നൂര്‍ബീന റഷീദ് പറഞ്ഞു.
ഇത്തരം നാലു കേസുകളാണ് ഇന്നലെ മലപ്പുറത്തു നടന്ന സിറ്റിങില്‍ കമ്മിഷന്‍ ഇടപെട്ടു രമ്യമായി പരിഹരിച്ചത്. ഇളംപ്രായത്തില്‍ സഹപാഠികളും മറ്റുമായുള്ള സഹവാസത്തില്‍ ആഭാസപൂര്‍ണമായ രീതിയില്‍ ഫോട്ടോകള്‍ക്കും സെല്‍ഫികള്‍ക്കും പോസ് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മിഷന്‍ അഭ്യര്‍ഥിച്ചു.
തൊഴില്‍ സ്ഥലങ്ങളിലും സോഷ്യല്‍ മീഡിയ വഴിയുള്ള പീഡനം സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി നൂര്‍ബീന റഷീദ് പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ പരിഗണിച്ച 52 കേസുകളില്‍ 13 എണ്ണം തീര്‍പ്പാക്കി. 10 എണ്ണം വിവിധ വകുപ്പുകളുടെ അന്വേഷണത്തിനു വിടുകയും 28 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റുകയും ചെയ്തു. അഭിഭാഷകരായ കെ.വി ഹാറൂണ്‍ റഷീദ്, സുജാത വര്‍മ, ജെമിനി, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മിഷനെ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."