മുക്കുപണ്ട പണയത്തട്ടിപ്പ്: അപ്രൈസര്ക്കായി അന്വേഷണം ഊര്‍ജിതമാക്കി
കാഞ്ഞങ്ങാട്: മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ മുങ്ങിയ ബാങ്ക് അപ്രൈസറെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസര്‍ ഷാബു ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ബാങ്ക് ശാഖയില്‍ ഇടപാടുകാരായെത്തുന്ന ആളുകളോട് ഷാബു സൗഹൃദം നടിച്ച് അവരെക്കൊണ്ട് മുക്കുപണ്ടം പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
പണയ തട്ടിപ്പില്‍ പതിനഞ്ചോളം ആളുകള്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. അപ്രൈസറായതിനാല് തനിക്ക് ബാങ്കില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ മുക്കുപണ്ടങ്ങള്‍ അവരെ ഏല്‍പ്പിച്ചു ബാങ്കില്‍ പണയപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.
സ്വര്‍ണം പണയം വച്ച ശേഷം കിട്ടിയ തുക ഇടപാടുകാര്‍ ഇയാളെ ഏല്‍പ്പിക്കുകയും ചെയ്തു. ബാങ്കിലെ പണയ സ്വര്‍ണം പരിശോധിക്കുന്ന ജോലി ഷാബുവിനായതിനാല് ഇത് യഥാര്‍ഥ സ്വര്‍ണമാണെന്ന് ഇയാള്‍ മാനേജരെയും മറ്റും വിശ്വസിപ്പിക്കുകയും ചെയ്തു. 11 ഓളം ആളുകള്‍ തങ്ങളുടെ പേരില്‍ പണയം വയ്ക്കുന്നത് മുക്കുപണ്ടമാണെന്നറിയാതെ ഷാബുവിന്റെ ചതിയില്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ അഞ്ചു പേര് വിവരം അറിഞ്ഞിട്ടും തട്ടിപ്പിന് കൂട്ടുനിന്നതായും സൂചനയുണ്ട്.
ബാങ്കിന് സമീപത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ യുവതിയോട് മുക്കുപണ്ടം ബാങ്കില്‍ പണയം വയ്ക്കാന്‍ ഷാബു ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
ഈ വിവരം യുവതി ബാങ്ക് മാനേജരെ അറിയിച്ചതോടെ ലോക്കറില്‍ ഉള്ള സ്വര്‍ണാഭരണങ്ങള്‍ മറ്റൊരു ശാഖയിലെ അപ്രൈസറെ കൊണ്ട് പരിശോധിപ്പിക്കാന്‍ മാനേജര്‍ ഷാബുവിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് താന്‍ ഊണ് കഴിച്ചു വരാമെന്നു പറഞ്ഞു ബാങ്കില്‍ നിന്നും ഇറങ്ങിയ ഷാബു പിന്നീട് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വെളിച്ചത്തായത്.
സംഭവത്തില്‍ ഷാബു ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. ഷാബുവിനെ കൂടാതെ കൂളിയങ്കാല്‍ സ്വദേശി അശോകന്, ഭാസ്കരന്, പ്രകാശന്, സുകുമാരന്‍, ഭീമനടിയിലെ അഭിലാഷ് എന്നിവര്‍ക്കെതിരേയും ബാങ്ക് മാനേജര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."