സഹജീവി സ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് മറ്റൊരു ഇടയന്
കൊച്ചി: വയനാട് ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.ഷിബു കുറ്റിപറിച്ചേലിന്റെ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാട് അകലാട് സ്വദേശി ഖൈറുന്നീസയ്ക്ക് ദാനം ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഫാ.ഷിബുവിന് നാല് ദിവസങ്ങള്‍ക്ക് ശേഷവും ഖൈറുന്നീസയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷവും ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വൃക്കദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ഫാ. ഡേവിസ് ചിറമ്മേല്‍ സ്ഥാപകനായ കിഡ്നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് ഖൈറുന്നീസയെ സ്വീകര്‍ത്താവായി തീരുമാനിച്ചത്. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് നടത്തിവരികയായിരുന്നു അവര്‍.
വാഹനാപകടത്തില്‍ പരുക്കേറ്റ് തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവ് ഷാബുവും മൂന്ന് വയസുള്ള മകളും അടങ്ങുന്നതാണ് ഖൈറുന്നീസയുടെ കുടുംബം. രണ്ടുമാസം മുന്‍പാണ് ഫാ. ചിറമ്മേലില്‍ നിന്നും ഫാ. ഷിബു ഖൈറുന്നീസയെക്കുറിച്ചറിയുന്നത്.
തുടര്‍ പരിശോധനകളില്‍ ഇദ്ദേഹത്തിന്റെ വൃക്ക ഖൈറുന്നീസയ്ക്ക് അനുയോജ്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൃക്കദാനത്തിന് വഴിയൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."