ദേശീയപാതയ്ക്ക് കുരുക്കിട്ട് മൂരാട് പാലം
സ്വന്തം ലേഖകന്‍
കോഴിക്കോട്: വടകര ദേശീയപാതയില്‍ അഴിയാകുരുക്കിട്ട് മൂരാട് പാലം. മദിരാശിയിലെ ഗാനന്‍, ഡങ്കര്‍ലി കമ്പനി ഡിസ്ട്രിക്റ്റ് ബോര്‍ഡിനു വേണ്ടി 1938ല്‍ പണിയാരംഭിച്ച് രണ്ടു കൊല്ലം കൊണ്ട് നിര്‍മിച്ചതാണ് മൂരാട് പാലം. ബ്രിട്ടീഷ് സായ്പന്‍മാര്‍ സത്യസന്ധമായി പാലം പണിതതിന്റെ കണക്കുകള്‍ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1940ലാണ് പാലം ഉദ്ഘാടനം ചെയ്തത്. പഴമയുടെ പ്രൗഢി മൂരാട് പാലത്തിനുണ്ടെങ്കിലും വടകരവഴി ദേശീയ പാതയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനയാത്രക്കാര്‍ക്കും മൂരാട് പാലം കടക്കുന്നതിന്റെ ദുരിതം പേറേണ്ടിവരും. പാലത്തില്‍ ഗതാഗത സ്തംഭനമുണ്ടായാല്‍ മറ്റു വഴിക്ക് വാഹനങ്ങള്‍ തിരിച്ചു വിടാനാവില്ലെന്നതാണ് ഇവിടുത്തെ പ്രധാന പ്രയാസം.
കോഴിക്കോട് നിന്നു വടക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടാല്‍ പയ്യോളിയില്‍ നിന്നു അട്ടക്കുണ്ട് കടവ് വഴി ഒരുപാട് കിലോമീറ്ററുകള്‍ താണ്ടിയാലേ വടകരയിലെത്തൂ. മൂരാട് പാലത്തിന് അപ്പുറവും ഇപ്പുറവുമായി പലപ്പോഴും നീണ്ട ട്രാഫിക് ബ്ലോക്കുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പതിവാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു. പാലത്തിലെ ടാര്‍ ചെയ്ത ഭാഗം പൊട്ടിപ്പൊളിഞ്ഞ് നാശമായിട്ടുണ്ട്. കോണ്‍ക്രീറ്റ് ഭാഗങ്ങളും പൊളിഞ്ഞ നിലയിലാണ്. ഒരേ സമയത്ത് വലിയ വാഹനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും കടക്കാനാകാത്തതിനാല്‍ ഇരു വശങ്ങളിലും പൊലിസുകാര്‍ ട്രാഫിക് നിയന്ത്രിക്കുകയാണ്. എന്നാലും രാത്രികാലങ്ങളില്‍ നീണ്ട ബ്ലോക്കുകള്‍ മണിക്കൂറുകളോളമുണ്ടാകും. പാലം പുതുക്കി പണിയണമെന്നുള്ള ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുതിയ സര്‍ക്കാര്‍ ബജറ്റില്‍ പാലത്തിനായി 50 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല. അതിനിടെ ദേശീയ പാത വിപുലീകരണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു പോകുകയാണ്. രൂക്ഷമായ ഗതാഗത പ്രശ്‌നം പരിഹരിക്കണമെങ്കില്‍ പുതിയ പാലത്തിന്റെ പണി ഉടന്‍ തുടങ്ങണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."