സഹാറ, ബിര്‍ള രേഖകളില്‍ വിവിധ പാര്‍ട്ടി നേതാക്കളും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിര്‍ള- സഹാറ ഗ്രൂപ്പുകളില്‍ നിന്നു കോഴവാങ്ങിയെന്ന ആരോപണത്തിനു പിന്നാലെ പണം കൈപ്പറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതല്‍ പേരുകള്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു. ഡയറിയില്‍ ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷ കക്ഷികള്‍ ഒഴികെയുള്ള രാജ്യത്തെ ഏതാണ്ടെല്ലാ പ്രമുഖ പാര്‍ട്ടി നേതാക്കളുടെ പേരുകളും ഉണ്ട്. ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്‍.ജെ.ഡി, എസ്.പി, എന്‍.സി.പി, ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ച (ജെ.എം.എം), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെ.വി.എം), തൃണമൂല്‍ കോണ്‍ഗ്രസ്, ബിജുജനതാദള്‍ (ബി.ജെ.ഡി), ശിവസേന, എല്‍.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഉള്‍പ്പെടുന്ന 'സര്‍വകക്ഷി' പട്ടികയാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്ററിലൂടെ പുറത്തുവിട്ടത്. മോദിക്കെതിരായ ആരോപണം ആദ്യമായി നിഷേധിച്ചുരംഗത്തുവന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, ദ്വിഗ്‌വിജയ് സിങ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. കേസില്‍ ഭൂഷണ്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഹരജി ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ ബെഞ്ച് തള്ളുകയായിരുന്നു.
പട്ടികയില്‍ ആകെ 116 പേരുകളുണ്ട്. ആകെയുള്ള 11 പേജില്‍ ചിലത് അച്ചടിച്ച പേജുകളും ബാക്കിയുള്ളവ എഴുതിയതുമാണ്. എഴുതിയ പേജുകളിലൊന്ന് 2010ലെതാണ്. അഞ്ചുപേജുള്ള ഡയറിയില്‍ 'പണംസ്വീകരിച്ചവരുടെ' പേരുകളാണുള്ളത്. 2013നും 14നും ഇടയില്‍ പണംചെലവാക്കിയ വഴികളും ഇതില്‍ പറയുന്നുണ്ട്. ഈ കാലയളവിലെ 10 മാസത്തിനുള്ളില്‍ 100 കോടി ചെലവഴിച്ചെന്നും ഡയറിയില്‍ പറയുന്നു. രവിശങ്കര്‍ പ്രസാദിന് 1.25 കോടിയും ഖുര്‍ഷിദിന് 30 ലക്ഷവും ദ്വിഗ്‌വിജയ് സിങ്ങിനു 25ലക്ഷവും രൂപ നല്‍കിയെന്നും രേഖകളില്‍ പറയുന്നു. സഹാറ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മുന്‍ അഭിഭാഷകന്‍ കൂടിയാണ് രവിശങ്കര്‍ പ്രസാദ്.
കോമണ്‍കോസ് എന്ന സര്‍ക്കാരിതര സംഘടനയുടെ മേധാവികൂടിയായ ഭൂഷണ്‍ കോടതിയെ സമീപിച്ചതോടെയാണ് ആരോപണം പുറത്തറിയുന്നത്. കഴിഞ്ഞമാസം ഡല്‍ഹി നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപണം ഏറ്റെടുക്കുകയും ബുധനാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആവര്‍ത്തിക്കുകയും ചെയ്തതോടെയാണ് സഹാറ- ബിര്‍ള കോഴ കേസ് വീണ്ടും സജീവമായത്. 2014ല്‍ ഡല്‍ഹിയിലെയും നോയിഡയിലെയും സഹാറ ഗ്രൂപ്പ് ഓഫിസുകളിലും 2013ല്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഫിസിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഇ-മെയില്‍ അടക്കമുള്ള രേഖകളിലാണ് കോഴ നല്‍കിയതായ വിവരമുള്ളത്. രേഖകള്‍ ആവശ്യപ്പെട്ട് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനും (സി.ബി.ഡി.ടി) എസ്.ഐ.ടിക്കും ഭൂഷണ്‍ നേരത്തെ കത്തയച്ചിരുന്നു. കത്ത് ഫയലില്‍ സ്വീകരിച്ച സി.ബി.ഡി.ടി, ഈ കേസ് സെറ്റില്‍മെന്റ് കമ്മീഷന്‍ പരിഗണിക്കുമെന്ന് അറിയിച്ചു.
അധികാരപരിധിയില്‍ ആദായനികുതി വകുപ്പിനു മുകളിലുള്ള സി.ബി.ഡി.ടിയില്‍ കെ.വി ചൗധരി ചെയര്‍മാനായിരിക്കെയാണ് സി.ബി.ഐ ഈ രേഖകള്‍ അദ്ദേഹത്തിനു കൈമാറിയത്. എന്നാല്‍ ഈ സംഭവം ചൗധരി അന്വേഷിക്കാതെ മറച്ചുവക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."