സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇനിയും നടപ്പിലായില്ല
പടിഞ്ഞാറത്തറ: ബാണാസുരഡാം റിസര്‍വ്വൊയറിലെ വെള്ളത്തില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. 2015 ഡിസംബര്‍ 23 നായിരുന്നു കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ പത്തായക്കോടന്‍ റഊഫ് (22), റഊഫിനെ രക്ഷിക്കുന്നതിനായി വെള്ളത്തിലിറങ്ങിയ പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ ബാബു (28) എന്നിവര്‍ മുങ്ങി മരിച്ചത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈലിലായിരുന്നു അപകടം. എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുകയായിരുന്ന റഊഫ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് ചുഴിയില്‍പ്പെട്ടത്. ഇത് കണ്ട തൊട്ടടുത്ത സ്ഥലത്ത് ജെ.സി.ബിയില്‍ ജോലിചെയ്യുകയായിരുന്ന ബാബു വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കുന്നതിനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ പ്രദേശത്തെ ആഴമുള്ള ചുഴിയില്‍ കുടുങ്ങി ഇരുവരും മരണപ്പെട്ടു. മരണപ്പെട്ട പന്തിപ്പൊയില്‍ ലക്ഷംവീട് കോളനിയിലെ ബാബുവിന്റെ മനുഷ്യസ്‌നേഹത്തെ പ്രശംസിക്കാനും കുടുംബത്തെ സമാശ്വസിപ്പിക്കാനും മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധിപേര്‍ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിന് പത്തുലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം ലഭിച്ച തുകയും രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കിയ തുകയും ബാങ്കില്‍ നിക്ഷേപിച്ചെങ്കിലും അനന്തരാവകാശികളില്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്ളതിനാല്‍ പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനമായ ജോലി ഇപ്പോഴും ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 65 വയസ്സുള്ള ബാബുവിന്റെ മാതാവും സഹോദരന്‍ അനിലും കൂലിപ്പണിയെടുത്താണ് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. ട്രൈബല്‍ വകുപ്പ് അനുവദിച്ച വീടിന്റെ പണിപോലും സാമ്പത്തികപരാധീനത കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ ജോലിക്കാര്യം അന്വേഷിച്ച് ബാബുവിന്റെ സഹോദരന്‍ അനില്‍ പലതവണ ജില്ലാ കലക്ടറുടെ ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും കാര്യമായൊരു പുരോഗതിയുമുണ്ടായില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ബാബുവിന്റെ കുടുംബത്തിന് പാര്‍ട്ടി നല്‍കിയ തുക കൈമാറാനെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, യു.ഡി.എഫ് സര്‍ക്കാര്‍ കുടുംബാംഗത്തിന് ജോലി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജോലി നല്‍കുമെന്നു പടിഞ്ഞാറത്തറയില്‍ വച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭരണപ്രതിപക്ഷ നേതാക്കളുടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."