കളിയാംവെള്ളി മാഹി കനാല്‍: നിര്‍മാണം പാതിവഴിയില്‍
എടച്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കളിയാംവെള്ളി മാഹി കനാല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങി. കഴിഞ്ഞ മഴക്കാലത്തിന് മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാണ്ട് 18 മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന കളിയാം വെള്ളി പുഴയാണ് 35 മീറ്റര്‍ വീതിയാക്കി മാറ്റിയത്.
ഇരുകരകളിലുമുളള സ്വകാര്യ വ്യക്തികളുടെ ഭൂമിയും അതിലുളള തെങ്ങുകളും ഈ ആവശ്യത്തിനായി നഷ്ടപ്പെട്ടിരുന്നു. കനാല്‍ കുഴിച്ച് ഉപ്പ് കലര്‍ന്ന ചളിമണ്ണ് ഇരുകരകളിലും കോരിയിട്ടത് കാരണം അവശേഷിച്ച നിരവധി തെങ്ങുകള്‍ ഉണങ്ങിപ്പോവുകയും ചെയ്തിരുന്നു. വലിയൊരു വികസനം സ്വപ്നം കണ്ട നാട്ടുകാര്‍ തങ്ങളുടെ വിലപ്പെട്ട ഭൂമി ഇരുകരകളിലും റോഡ് നിര്‍മാണത്തിനു വേണ്ടിയും വിട്ടു നല്‍കി. കളിയാം വെള്ളി പാലം മുതല്‍ തുരുത്തി മുക്ക് വരെയുളള ഏതാണ്ട് മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് കനാലാക്കി മാറ്റുന്നത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് ഉത്തരവാദപ്പെട്ടവര്‍ തുടക്കത്തില്‍ അറിയിച്ചത്.
എന്നാല്‍ ജോലി തുടങ്ങി ഒരു വര്‍ഷത്തിലേറെയായിട്ടും പാതിവഴിയില്‍ നിലച്ചിരിക്കയാണ്. ജോലി തുടരവേ മഴ വന്ന് കനാലില്‍ വെള്ളം നിറഞ്ഞതോടെയാണ് ജോലി നിര്‍ത്തിവച്ചത്.എന്നാല്‍ കഴിഞ്ഞ നാല് മാസക്കാലമായി മഴയില്ലാഞ്ഞിട്ടും കനാല്‍ ജോലി പുനരാരംഭിച്ചില്ല. കെ.പി ഉണ്ണികൃഷ്ണന്‍ വടകര എം.പി ആയിരുന്ന കാലത്ത് തന്നെ ഈ കനാല്‍ വികസനത്തെ കുറിച്ച് ആലോചിച്ചിരുന്നു. സാങ്കേതിക തടസങ്ങളാല്‍ നീണ്ടുപോയ പദ്ധതി ഒടുവില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ കേന്ദ്ര മന്ത്രിയായിരിക്കേയാണ് വീണ്ടും നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. ഇപ്പോള്‍ വടകര എം.പി ആയ മുല്ലപ്പളളിയുടെ വിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം തുടങ്ങിയത്.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുളള ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 14 കോടി രൂപയാണ് നീക്കിവച്ചത്. കണ്ണൂര്‍ ജില്ലയിലെ കെ.കെ ബില്‍ഡേഴ്‌സാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തത്.
കളിയാം വെള്ളി പാലം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇരുകരകളിലും കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. ബാക്കി ജോലി തുടങ്ങുന്നതിനെ കുറിച്ച് അധികൃതരില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. അതെ സമയം കനാല്‍ പണി പൂര്‍ത്തിയാക്കാത്ത പക്ഷം ഉപ്പുവെള്ളം കെട്ടിക്കിടന്ന് തങ്ങളുടെ വിളകള്‍ക്ക് വീണ്ടും നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. നിലവിലുളള അവസ്ഥ തുടരുകയാണെങ്കില്‍ കനാലിന്റെ ജോലി അടുത്ത കാലത്തൊന്നും പൂര്‍ത്തിയാവില്ല.കന്നിനട മുതല്‍ തുരുത്തി മുക്ക് വരെയും, അവിടെ നിന്ന് മാഹിപ്പുഴയിലേക്കും കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുളള ജലവാഹനങ്ങള്‍ ഇതുവഴി ആരംഭിക്കുന്നതാണ് പദ്ധതി. അതോടെ ഇവിടം വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറും. വടകര തൊട്ടില്‍ പാലം സംസ്ഥാന പാതയിലെ കളിയാം വെള്ളി പാലം ഈ ആവശ്യത്തിനായി 12 മീറ്ററോളം ഉയരം കൂട്ടി പുതുക്കിപ്പണിയേണ്ടതുമുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതി അനാവശ്യമായ കാലതാമസം വരുത്താതെ എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."