അഴിയാകുരുക്കിന് അറുതി വേണം
കണ്ണൂര്‍: നഗരത്തിലെ കുപ്പിക്കഴുത്തു പോലുള്ള റോഡുകള്‍ വീതികൂട്ടാനും റോഡരികിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുമെല്ലാം അധികൃതര്‍ വര്‍ഷങ്ങളായി ആലോചിക്കുന്നുവെങ്കിലും പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല.
കാല്‍ടെക്‌സിലെ കുരുക്കഴിക്കാന്‍ ഫ്‌ളൈഓവര്‍, കണ്ണൂര്‍ നഗരത്തെ ബന്ധിപ്പിക്കാതെയുള്ള രണ്ടു ബൈപാസ് റോഡുകള്‍, തലശ്ശേരി-മാഹി ബൈപാസ്, തലശേരി-വളവുപാറ, പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡുകള്‍, കണ്ണൂര്‍-മട്ടന്നൂര്‍ ദേശീയപാതയ്ക്കായുള്ള സ്ഥലമെടുപ്പ്, വിമാനത്താവള അനുബന്ധ റോഡുകളുടെ അടിയന്തിര നവീകരണം എന്നിവയുടെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. വിമാത്താവളത്തിലേക്കു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയപാതയോ സംസ്ഥാനം പ്രഖ്യാപിച്ച ഗ്രീന്‍ഫീല്‍ഡ് റോഡോ ഏതെങ്കിലുമൊന്നു മതി. ഇതിനുള്ള സ്ഥലമെടുപ്പ് സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. നേരത്തെ ഗ്രീന്‍ഫീല്‍ഡ് റോഡിനുള്ള സമഗ്രപാക്കേജ് കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ജില്ലയിലെ റോഡ് വികസനത്തിനു മുന്‍ സര്‍ക്കാര്‍ അവസാന ബജറ്റില്‍ 14 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഉത്തരവ് ഇറങ്ങുന്നതിനനുസരിച്ചായിരിക്കും റോഡുകളുടെ നിര്‍മാണം. ചെറുപുഴ മുതല്‍ പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട് വരെയുള്ള 59 കിലോമീറ്റര്‍ മലയോരഹൈവേ, കണ്ണൂര്‍-ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്മല റോഡ്, ചെറുപുഴ-പയ്യന്നൂര്‍ റോഡ് എന്നിവ അടിയന്തിരമായി നവീകരിക്കേണ്ട 20 പ്രധാന റോഡുകളുടെ ലിസ്റ്റില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാണോക്കുണ്ട്, കരുവഞ്ചാല്‍, ആലക്കോട് എന്നിവിടങ്ങളിലെ മൂന്നു പാലങ്ങളും തലശേരി കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."