വിദ്യാര്‍ഥിയെ വെയിലത്ത് നിറുത്തി പരീക്ഷ എഴുതിച്ചു അധ്യാപകന് സസ്‌പെന്‍ഷന്‍
കാട്ടാക്കട: വിദ്യാര്‍ഥിയെ വെയിലത്ത് നിറുത്തി പരീക്ഷ എഴുതിച്ചുവെന്നും മര്‍ദിച്ചുവെന്നുമുള്ള പരാതിയെ തുടര്‍ന്ന് അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
പൂവച്ചല്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബയോളജി അധ്യാപകന്‍ എം.ആര്‍ റെജി ആണ് സസ്‌പെന്‍ഷനിലായത്.
ഹെഡ്മിസ്ട്രസിന്റെ അധിക ചാര്‍ജുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് പ്രേമചന്ദ്രനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റുമെന്നും ഡി.ഡി.അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കാട്ടാക്കട പൊന്നറ ആമിനാ മന്‍സിലില്‍ പരേതനായ അബ്ദുല്‍ സലാമിന്റെയും ശിബാന യുടെയും മകന്‍ അജ്മല(15) ാണ് പരാതിക്കാരന്‍.
യൂനിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ അജ്മലിനെ ആദ്യം പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അധ്യാപകര്‍ പുറത്ത് നിര്‍ത്തി.മറ്റു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തിയതോടെ പുറത്തുനിന്ന് പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതിനിടെ അതുവഴി വന്ന അധ്യാപകനെ നോക്കി ചിരിച്ചു എന്ന കാരണം പറഞ്ഞ് അധ്യാപകന്‍ ചെകിടത്തും പുറത്തും അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവത്രേ.
വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് നടപടിയുണ്ടായത്. നെടുമങ്ങാട് ഡി.ഡി,നെയ്യാറ്റിന്‍കര ഡി.ഇ.ഒ.കാട്ടാക്കട ഇ.ഒ. എന്നിവരാണ് അന്വേഷണത്തിനെത്തിയത്.
അതേസമയം സാധാരണ ബുധനാഴ്ച യൂനിഫോം ധരിക്കേണ്ടാത്ത ദിവസമാണെന്നും പരീക്ഷയായതിനാല്‍ യൂനിഫോം വേണം എന്ന് അറിയിച്ചിരുന്നതായും അത് ധരിക്കാതെ വന്ന മറ്റുള്ള കുട്ടികള്‍ക്ക് ഒപ്പം അജ്മലിലിനെ പുറത്തിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
വിശദമായ അന്വേഷണം ക്രിസ്മസ് അവധിക്കു ശേഷമേ നടക്കൂവെന്നു അന്വേഷണസംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."