മേജറാകാന്‍ അഴീക്കല്‍ തുറമുഖം
കണ്ണൂര്‍: അഴീക്കല്‍ തുറമുഖം മേജര്‍ പോര്‍ട്ടാക്കുമെന്ന പ്രഖ്യാപനം കണ്ണൂരിന്റെ ചെവിയിലെത്തിയിട്ട് നാളേറെയായി. ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ക്കു പുത്തന്‍ സാധ്യതകള്‍ തുറക്കുന്ന അഴീക്കല്‍ തുറമുഖം മേജര്‍ പോര്‍ട്ടാവുന്നതോടെ കോടികളുടെ കണ്ടെയ്‌നര്‍ സര്‍വിസ് നടത്താനാകും. ഇതിനു കപ്പല്‍ചാലിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കണം. നിലവില്‍ മൂന്നരമീറ്റര്‍ ആഴമുള്ള തുറമുഖം ആറുമീറ്റര്‍ വരെ ആഴം വര്‍ധിപ്പിക്കണം. ഇതിനായി നെതര്‍ലാന്‍ഡില്‍ നിന്നു ഡ്രഡ്ജര്‍ അഴീക്കല്‍ തുറമുഖത്ത് എത്തിച്ചെങ്കിലും ആഴംകൂട്ടല്‍ ആരംഭിച്ചില്ല.
40 കണ്ടെയ്‌നറുകള്‍ വരെ ഉള്‍ക്കൊള്ളുന്ന കപ്പലുകള്‍ക്കു മാത്രം വരാനാകുന്ന അഴീക്കല്‍ തുറമുഖത്ത് ആഴം വര്‍ധിപ്പിച്ചാല്‍ 1000 കണ്ടെയ്‌നറുകള്‍ വരെ ഉള്‍ക്കൊള്ളാനാവുന്ന വലിയ കപ്പലുകള്‍ എത്തും. കണ്ണൂര്‍ വിമാനത്താവളം കൂടി പ്രവര്‍ത്തനം തുടങ്ങിയാല്‍ അഴീക്കല്‍ തുറമുഖം വഴി നിലവിലുള്ള ചരക്കുഗതാഗതം ഇരട്ടിയിലധികമാകുമെന്നാണു വിദഗ്ധാഭിപ്രായം.
പ്ലൈവുഡ്, കാപ്പി തുടങ്ങിയവയാണു നിലവിലെ കയറ്റുമതി. പ്ലൈവുഡ് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയുമുണ്ട്. വിദേശ കപ്പലുകളുടെ കസ്റ്റംസ് ക്ലിയറന്‍സ് സൗകര്യവും അഴീക്കലില്ല. ഐ.ഇ.ഡി സംവിധാനം തുറമുഖത്ത് സ്ഥാ പിക്കുന്നതോടെ വിദേശ കപ്പലുകള്‍ക്ക് അഴീക്കലില്‍ തന്നെ കസ്റ്റംസ് ക്ലിയറന്‍സ് നടത്താനാകും. മത്സ്യബന്ധനത്തിനു പേരുകേട്ട അഴീക്കല്‍ മേജര്‍ പോര്‍ട്ടാവുന്നതോടെ വടക്കന്‍കേരളവുമായി അറബ്, പാശ്ചാത്യ നാടുകളുമായുള്ള വാണിജ്യബന്ധവും മെച്ചപ്പെടും. പ്ലൈവുഡ് വ്യവസായത്തിന്റെയും കൈത്തറിയുടെയും ഈറ്റില്ലമെന്നറിയപ്പെടുന്ന കണ്ണൂരില്‍ കടല്‍മാര്‍ഗം വ്യാപാരം വികസിപ്പിക്കാനാകുമെന്ന സ്വപ്‌നം പുതിയ സര്‍ക്കാരിലൂടെ യാഥാര്‍ഥ്യമാകുമെന്നാണു വ്യവസായികളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."