കൊതിയൂറും കേക്കുകളുമായി ക്രിസ്മസ് വിപണി
കണ്ണൂര്‍: ക്രിസ്മസ് എത്തുമ്പോഴേക്കും കേക്കുകള്‍ വിപണ കീഴടക്കി. ആഘോഷത്തിനു ഇത്തിരി മധുരം കൂടി ചേര്‍ക്കാന്‍ ക്യൂ നിന്നു പോലും ക്രിസ്മസ് കേക്ക് വാങ്ങുന്ന തിരക്കാണ് ഓരോ ബേക്കറിക്കു മുന്നിലും. ആവശ്യക്കാര്‍ ഏറിയതോടെ കേക്ക് വിപണിയും ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ ബ്ലാക്ക് ഫോറസ്റ്റ് മുതല്‍ സുപ്രീം റെഡ് വെല്‍വെറ്റ് വരെ ന്യൂജന്‍ കേക്കുകളുടെ പട്ടികയിലുണ്ട്. 42ഓളം വ്യത്യസ്ത ഇനം കേക്കുകളാണ് ഇത്തവണത്തെ പ്രത്യേകത. പുതിയ പത്ത് ഫ്‌ളേവറുകളോടെയാണ് ഇത്തവണ പല കേക്കുകളുടെയും നിര്‍മാണം.
ഒരു കിലോ കേക്കിനു 500 മുതല്‍ 1500 വരെ വിലയുണ്ട്. 800 രൂപ വിലയുള്ള മില്‍ക്കി വേ സ്മൂത്ത്, 750 രൂപയുടെ ബ്ലൂ ബെറി ചോക്ലേറ്റ്, സ്‌നിക്കര്‍ ഡിലൈറ്റ്, റെഡ് വെല്‍വെറ്റ്, 650 രൂപയുടെ വാന്‍ചോ, 600 രൂപയുടെ ചോക്ലേറ്റ് ട്രഫിള്‍, ഹസല്‍ നട്ട് റോയലറ്റ്, ബര്‍ബോണ്‍ ലക്‌സ് ഇങ്ങനെ പോകുന്നു പുതിയ പട്ടികയിലെ കേക്ക് രുചികള്‍. ജെറിയും ചോക്ലേറ്റ് പൂക്കളുമായി വിവിധ വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഓരോ ബേക്കറികളിലും ക്രിസ്മസ് കേക്കുകള്‍. 550 രൂപയുടെ അമേരിക്കന്‍ ബ്ലാക്ക് ഫോറസ്റ്റിനും 850 രൂപയുടെ ഹസല്‍നട്ട് റോയലറ്റിനുമാണ് ഇഷ്ടക്കാരേറെ.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 10 മുതല്‍ 30 ശതമാനം വരെ വിലയേറിയിട്ടുണ്ട്. നോട്ട് നിരോധനം ബാധിക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും വീടുകളിലേക്ക് കേക്കുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഓരോ ബേക്കറിക്കും പരിചയസമ്പത്തുള്ള പ്രത്യേക ടീമാണ് കേക്കുകളുടെ രുചിക്കൂട്ടുകള്‍ തയാറാക്കുന്നത്. വിവിധ ഡിസൈനുകളില്‍ ഇത്തവണയും ക്രിസ്മസിനെയും പുതുവത്സരത്തേയും വരവേല്‍ക്കാന്‍ കേക്കുകള്‍ തയാറായികഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."