ദമാം വിമാനത്താവളത്തില്‍ നിരോധിത മരുന്നുകളുമായെത്തിയ മലയാളി യുവതിയും കുഞ്ഞും പൊലിസ് പിടിയില്‍
ദമ്മാം: നിരോധിത മരുന്നു കൈവശം വെച്ചതിനെ തുടര്‍ന്ന് ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയും കുഞ്ഞും പൊലിസ് പിടിയിലായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഹിസാന ഹുസൈന് (26), മൂന്നു വയസ്സുള്ള മകന് എന്നിവരാണ് ദമാമിലെ ജയിലിലായത്.
മസ്തിഷ്ക രോഗത്തിനുള്ള മരുന്ന് കണ്ടെത്തിയതാണ് യുവതിയെയും കുഞ്ഞിനെയും അറസ്റ്റ് ചെയ്യാന്‍ കാരണം . മകനെ പിന്നീട് വിട്ടയച്ചെങ്കിലും ഹിസാന ഇപ്പോഴും ജയിലിലാണ്. ഗുരുതരമായ മസ്തിഷ്ക രോഗത്തിനുള്ള മരുന്നുമായി സഊദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോയതായിരുന്നു ഹിസാന.
വിമാനത്താവളത്തില്‍ ഡ്രഗ്സ് ആന്റ് നാര്‍ക്കോട്ടിക് കണ്ട്രോള് വിഭാഗം യുവതിയെയും കുഞ്ഞിനെയും പിടികൂടി ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ഭര്‍ത്താവിന് ഇരുവരും പിടിയിലായ വിവരമാണ് അറിയാന്‍ കഴിഞ്ഞത്.
മസ്തിഷ്ക സംബന്ധമായ അസുഖത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലായിരുന്നു ഹിസാന. ഡോക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് ഹിസാന പോയത്. ഡോക്ടറുടെ കുറിപ്പും കയ്യിലുണ്ടായിരുന്നു. ഹിസാന ജയിലിലായ വിവരം നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ടുകളും രേഖകളും ഹിസാനയുടെ ഭര്‍ത്താവ് ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത് ഹാജരാക്കിയാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതായാണ് വിവരം. അതേസമയം, ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സഊദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. നേരത്തെയും നിരവധി പേര് ഇവിടെ പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."