മുക്കുപണ്ടം വച്ച് പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ബാങ്കിലെത്തുന്ന ഇടപാടുകാരുമായുള്ള സഹൃദം മുതലാക്കി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ അപ്രൈസറെ പൊലിസ് അറസ്റ്റു ചെയ്തു. യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസര്‍ കൊവ്വല്‍പ്പള്ളിയിലെ കെ.സി ഷാബുവിനെയാണ് ഹൊസ്ദുര്‍ഗ്ഗ് സി.ഐ സി.കെ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
2014 മെയ് 8നും കഴിഞ്ഞ മാസം 23 നും ഇടയില്‍ 6,90,524 രൂപയാണ് മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത്. അഭിലാഷ്, അശോകന്‍, പ്രകാശന്‍, സുകുമാരന്‍, ഭാസ്‌കരന്‍, അഷ്‌കര്‍, എന്നിവരുടെ പേരിലാണ് ഷാബു പണയ വായ്പ എടുത്തത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഷാബു ബാങ്കില്‍ അപ്രൈസറാണ്. വായ്പ എടുത്ത പണം പലിശ നല്‍കി പുതുക്കി വെയ്ക്കാന്‍ ഒട്ടനവധി തവണ കത്തയച്ചിട്ടും ഗുണഭോക്താക്കള്‍ ബാങ്കില്‍ എത്താത്തതിനെ തുടര്‍ന്ന് പണ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉരുപ്പടികള്‍ വ്യാജമാണെന്ന് ബാങ്ക് ജീവനക്കാര്‍ക്ക് മനസ്സിലായത്.
സ്ഥിരമായി ബാങ്കില്‍ വരുന്ന ഇടപാടുകാരുമായി സഹൃദം സ്ഥാപിച്ചാണ് ഷാബു ഏഴ് ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്നും തട്ടിയെടുത്തത്. താന്‍ ബാങ്ക് ജീവനക്കാരനായതിനാല്‍ ഈ ബാങ്കില്‍ തനിക്ക് പണയ ഇടപാട് നടത്താന്‍ സാധിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷാബു ആറോളം ആളുകളെ കൊണ്ട് മുക്കുപണ്ടം ബാങ്കില്‍ പണയം വപ്പിച്ചത്.
അതിനിടെ ഷാബുവിനെ കുറിച്ച് സംശയം ഉയര്‍ന്നതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളുടെ തട്ടിപ്പിന് കൂട്ട് നിന്ന ആറു പേര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. അഭിലാഷിന്റെ പേരില്‍ 2016 ആഗസ്റ്റ് 26ന് 75,000, അശോകന്റെ പേരില്‍ മെയ് 25നും, 28നും യഥാക്രമം 1,70,000, ഒരു ലക്ഷം, പ്രകാശന്റെ പേരില്‍ ആഗസ്റ്റ് 19ന് 1,70,000 രൂപയുമാണ് വായ്പ എടുത്തത്.
കഴിഞ്ഞ മാസം 23നാണ് സുകുമാരന്റെ പേരില്‍ 60,000 രൂപ എടുത്തത്, ഭാസ്‌കരന്റെ പേരില്‍ 2014 മെയ് 8ന് 34000 രൂപയും, അഷ്‌കറിന്റെ പേരില്‍ ജൂലൈ 25ന് 89,000 രൂപയുമാണ് വായ്പ എടുത്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു നിരോധനം വന്നതോടെയാണ് ഷാബു പണ്ടങ്ങള്‍ എടുപ്പിക്കാനുള്ള പണം കണ്ടെത്താനാവാതെ കുടുങ്ങിയതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."