വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം 27 മുതല്‍ തൃശൂരില്‍
തൃശൂര്‍: വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം 27 മുതല്‍ 30 വരെ തൃശൂരില്‍. ജില്ലാ-ഉപജില്ലാ-സ്‌കൂള്‍-ക്ലാസ് തലം ശില്‍പ്പശാലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 364 പ്രതിഭകള്‍, 150-ഓളം അധ്യാപകര്‍ എന്നിവരാണ് സര്‍ഗോത്സവത്തിനെത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതാദ്യമായി സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, സര്‍വശിക്ഷാ അഭിയാന്‍, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സര്‍ഗോത്സവം നടത്തുന്നത്.
27ന് രാവിലെ ഒന്‍പതിന് ഹോളിഫാമിലി സ്‌കൂളില്‍ നടക്കുന്ന രജിസ്‌ട്രേഷനോടെ സര്‍ഗോത്സവത്തിനു തുടക്കമാകും. പഠനയാത്രയാണ് ആദ്യ പരിപാടി. ഉച്ചയോടെ കേരള കലാമണ്ഡലത്തിലെത്തുന്ന കുട്ടികള്‍ക്ക് കലാമണ്ഡലം നന്ദകുമാറിന്റെ ഓട്ടന്‍തുള്ളല്‍ സോദോഹാരണ ക്ലാസ് നടക്കും. തുടര്‍ന്ന് പുന്നയൂര്‍ക്കുളത്തിലേയ്ക്കാണ് യാത്ര. നീര്‍മാതളച്ചുവട്ടില്‍ ഇത്തിരിനേരം എന്ന പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍ പുതിയ കാലത്തെ സാംസ്‌കാരിക സമസ്യകള്‍ എന്ന വിഷയത്തില്‍ സംസാരിക്കും. രാത്രി ഏഴു മണിയോടെ തൃശൂരിലെത്തുന്ന വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംവദിക്കും.
28നു രാവിലെ 9.30 മുതല്‍ സാഹിത്യ അക്കാദമിയില്‍ കഥ, കവിത, പുസ്തക ചര്‍ച്ച എന്നിവയും സംഗീത നാടക അക്കാദമിയില്‍ നാടകം, കാവ്യാലാപനം, നാടന്‍ പാട്ടുകള്‍ എന്നിവയും ലളിതകലാ അക്കാദമിയില്‍ ചിത്രകലാ ക്ലാസും നടക്കും. 29നും 30നും അതത് അക്കാദമികളുടെ നേതൃത്വത്തില്‍ തുടര്‍ശില്‍പ്പശാലകളും സംഘടിപ്പിച്ചുട്ടുണ്ട്. 29ന് വൈകിട്ട് ആറിന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ പരിപാടിയും ഏഴിന് കരിന്തലക്കൂട്ടം തൃശൂര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ എന്നിവയുമുണ്ടാകും. 30ന് രണ്ടിനു നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. സംവിധായകന്‍ സത്യന്‍ അന്തിക്കാട് മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി കെ.പി മോഹനന്‍, കേരള ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വിദ്യാരംഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.സി അലി ഇക്ബാല്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ സുമതി, വിദ്യാരംഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.വി പ്രസന്നകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."