കുഞ്ഞുമോളുടെ മുളയുല്‍പ്പന്നങ്ങള്‍ക്ക് കരകൗശല മേളയില്‍ കൗതുകമേറുന്നു
പയ്യോളി: പഴയകാല സ്മരണകള്‍ അയവിറക്കാന്‍ ഉപകരിക്കുന്നതാണ് കുഞ്ഞുമോള്‍ ഒരുക്കിയ ബാംബു പ്രൊഡക്ട്. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ അന്തര്‍ദേശീയ കരകൗശല മേളയിലെ 41 ബി സ്റ്റാളിലെ ഉല്‍പന്നങ്ങള്‍ക്ക് കൗതുകമേറെയാണ്. മുളയില്‍ പണിതീര്‍ത്ത കലാവിഭവങ്ങള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. മുളകള്‍കൊണ്ട് എന്തും നിര്‍മിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഇവിടെ ഒരുക്കിയ ഉല്‍പന്നങ്ങളുടെ ശേഖരം. പഴയകാലത്തെ പെട്രോള്‍ മാക്‌സ്, കാളവണ്ടി, ഗ്രാമഫോണ്‍, റാന്തല്‍, തൂക്കുവിളക്ക്, പുട്ടുകുറ്റി, പായക്കപ്പുകള്‍, വാള്‍, പരിച, മൊബൈല്‍ സ്റ്റാന്റ്, വിവിധയിനം പക്ഷികള്‍, ഫഌവറുകള്‍, പൂത്തുമ്പി, ഏറുമാടം തുടങ്ങിയ അനേകം ഉല്‍പന്നങ്ങള്‍ സ്റ്റാളിലെ ശേഖരത്തിലുണ്ട്.
ബോംബെ, കൊച്ചി, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലൊക്കെ നടന്ന കരകൗശല മേളകളില്‍ പങ്കെടുക്കുകയും ധാരാളം അംഗീകാരങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സുരഭിയുടെ ഹാന്റിക്രാഫ്റ്റ് മേളയില്‍ ഏറ്റവും നല്ല സ്റ്റാളിനുള്ള അവാര്‍ഡ് നേടാനും കഴിഞ്ഞിട്ടുണ്ടെന്ന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കുഞ്ഞുമോളും ഭര്‍ത്താവ് ശശിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."