പൊതുപ്രവര്‍ത്തകനെ എസ്.ഐ കൈയേറ്റം ചെയ്‌തെന്ന്; പ്രതിഷേധവുമായി സര്‍വകക്ഷി
പടിഞ്ഞാറത്തറ: പൊതുപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് പടിഞ്ഞാറത്തറയില്‍ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാനുമായ എം മുഹമ്മദ് ബഷീറിനെ പടിഞ്ഞാറത്തറ എസ്.ഐ കയ്യേറ്റം ചെയ്തതായാണ് ആരോപണമുയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്ന് ലീഗ് ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. ചെക്ക് മാറുന്നതിനായി പടിഞ്ഞാറത്തറ എസ്.ബി.ഐ ബാങ്കിലെത്തിയ എം മുഹമ്മദ് ബഷീറിനോട് കാഷ്യര്‍ 4000 രൂപ മാത്രമേ മാറ്റിയെടുക്കാനാവുകയുള്ളുവെന്ന് പറയുകയായിരുന്നു. എന്നാല്‍ പടിഞ്ഞാറത്തറയിലെ മറ്റ് ബാങ്കുകളില്‍ 24000 രൂപ വരെ നല്‍കുന്നുണ്ടെന്നും ഇക്കാര്യം സൗഹാര്‍ദപരമായി മാനേജരെ അറിയിക്കാന്‍ ബഷീര്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഈ സമയം ബാങ്കിലെത്തിയ പടിഞ്ഞാറത്തറ എസ്.ഐ നജീബ് മാനേജരടക്കമുള്ളവരോട് വിവരങ്ങള്‍ ആരായുകയോ മറ്റോ ചെയ്യാതെ ക്യാബിനുള്ളില്‍ ഇരിക്കുകയായിരുന്ന തന്നെ കയ്യേറ്റം ചെയ്യുകയും വലിച്ചിടാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് എം മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതോടെ ബാങ്കിലുണ്ടായിരുന്ന ഉപഭോക്താക്കള്‍ എസ്.ഐക്കെതിരെ തിരിഞ്ഞു. എസ്.ഐയുടെ നടപടിക്കെതിരെ ബാങ്കില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെ അദ്ദേഹം സ്ഥലം വിടുകയായിരുന്നു. ഇതിനിടെ എസ്.ഐ ബാങ്കിലെത്തിയ ഇടപാടുകാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."