ശ്രീകണ്ഠപുരത്ത് വീട്ടില്‍ കവര്‍ച്ച: മണിക്കൂറുകള്‍ക്കകം അഞ്ചുപവന്‍ തിരിച്ചുകിട്ടി
ശ്രീകണ്ഠപുരം: നെടുവാലൂരില്‍ പട്ടാപ്പകല്‍ വീടു കുത്തിതുറന്ന് ഏഴരപവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മണിക്കൂറുകള്‍ക്കകം അഞ്ചു പവന് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടി. നെടുവാലൂര്‍ കാപ്പുങ്കരയിലെ ടി.എന്‍ ശശീന്ദ്രന്റെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കവര്‍ച്ച നടന്നത്. മെഷീന് ഉപയോഗിച്ചു കാടുവെട്ടുന്ന ശശീന്ദ്രന് സംഭവദിവസം ജോലിക്കു പോയിരുന്നു. ഭാര്യയും മകളും തൊട്ടടുത്ത പറമ്പില്‍ വിറകു ശേഖരിക്കാ നും പോയി. ഇവര്‍ ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. അലമാര തുറന്ന് നാലു മാല, രണ്ട് മോതിരം, ഒരു കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. മുടിക്ക് കുത്തുന്ന ക്ലിപ്പുപയോഗിച്ചാണ് അലമാര തുറന്നത്. ശ്രീകണ്ഠപുരം എസ്.ഐ ടി.പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി. തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഇതി നിടയിലാണ് മോഷണം നടന്ന മുറിക്കകത്ത് അലക്കാനിട്ട തുണികള്‍ക്കിടയില്‍ നിന്നു രണ്ടു മാല, ഒരു മോതിരം, കമ്മല്‍ എന്നിവയുള്‍പ്പെടെ അഞ്ചു പവന് ആഭരണങ്ങള്‍ ലഭിച്ചത്. ഇനി രണ്ടരപവന്‍ ആഭരണങ്ങള്‍ മാത്രമേ ലഭിക്കാനുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."