കുമ്പള മേഖലയില്‍ അനധികൃത മണലെടുപ്പു വ്യാപകം
കുമ്പള: മേഖലയില്‍ പുഴമണല്‍ അനധികൃതമായി വാരുന്നതു വ്യാപകം. അംഗടിമുഗര്‍, മുന്നൂര്‍, കമ്പാര്‍, ബജ്‌പെ, ഇച്ചിലങ്കോട്, കളായി ഭാഗങ്ങളില്‍ നിന്നാണു മണല്‍ വ്യാപകമായി കടത്തുന്നത്.
സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെ പുഴയിലേക്ക് റോഡ് വെട്ടി പുഴയില്‍ വാഹനമിറക്കിയാണു മണല്‍കടത്ത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെവരെ ചിലര്‍ മണല്‍ കടത്തിന് ഉപയോഗിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
രാത്രിയിലാണ് അനധികൃത മണല്‍ക്കടത്തു നടക്കുന്നത്. ടിപ്പര്‍, ടെമ്പോവാന്‍, പിക്കപ്പ് എന്നിവയില്‍ ചാക്കുകളില്‍ നിറച്ചാണു കൂടുതലായും ഓടുന്നത്. ഈ വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോവുകയോ മണല്‍ചാക്കില്‍ നിറച്ചു വാഹനത്തില്‍ കയറ്റുകയോ ചെയ്യുന്ന ജോലിയാണു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കുള്ളത്.
ഒരു വാഹനത്തിനു ബൈക്കില്‍ എസ്‌കോര്‍ട്ട് പോയാല്‍ നൂറു രൂപയാണു കുട്ടിക്കു ലഭിക്കുക. എന്നാല്‍ അന്‍പതോളം സിമന്റ് ചാക്കുകളില്‍ പൂഴി നിറച്ചു വാഹനത്തില്‍ കയറ്റിയാല്‍ 1500 രൂപയും ഒരു ലോഡ് പൂഴി പിക്കപ്പില്‍ നിറച്ചു കൊടുത്താല്‍ 400 രൂപയും ലഭിക്കുമത്രെ.
രാത്രി പതിനൊന്നു മുതല്‍ പുലര്‍ച്ചെ നാലു വരെ പണിയെടുത്തു രണ്ടായിരം രൂപ വരെ സമ്പാദിക്കുന്ന കുട്ടികളുമുണ്ടെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."