ക്രിസ്മസ് - പുതുവത്സരം; കയ്പമംഗലത്ത് സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന
കയ്പമംഗലം: ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ മുന്നോടിയായി കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്ഥാപനങ്ങളില്‍ വ്യാപക പരിശാധന. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ മൂന്നുപീടിക, അറവുശാല, വഴിയമ്പലം, കാളമുറി, കൊപ്രക്കളം, പഞ്ഞംപള്ളി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഇറച്ചി വില്‍പന ശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, വ്യവസായ ശാലകള്‍ ഉള്‍പ്പെടെ 27 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി.
പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം പാകം ചെയ്യല്‍, കാലാവധി കഴിഞ്ഞ ശീതള പാനീയങ്ങളുടെ വില്‍പന, വൃത്തിഹീനമായ പാത്രങ്ങളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത കുടിവെള്ളം, പകര്‍ച്ചാ വ്യാധികള്‍ പടര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കല്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, പൊതുജനാരോഗ്യത്തിന് ശല്യവും ഹാനികരവുമായ പ്രവര്‍ത്തനങ്ങള്‍, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കല്‍ എന്നീ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്യല്‍ കണ്ടെത്തിയ ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചു.
വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ വീഴ്ചകള്‍ പരിഹരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. കേന്ദ്ര പുകയില നിയന്ത്രണ നിയമ പ്രകാരം നാല് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണമെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കയ്പമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വി.ജേക്കപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ശരത്കുമാര്‍, എം.എസ്.ബിനോജ്, പി.വി സുനില്‍കുമാര്‍, എ.ജെ ബിനോയ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."