ഒടുക്കം ത്രിവേണി സ്റ്റോറുകള്‍ വില്‍പനയ്ക്ക്..!
മലപ്പുറം: സംസ്ഥാന സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്ത് ഒഴിവാക്കുന്നു. ഒരു വര്‍ഷത്തോളമായി കട്ടപ്പുറത്തായ 14 ത്രിവേണി സ്റ്റോറുകളാണ് ലേലത്തിനുവച്ചിട്ടുള്ളത്.
ജില്ലയില്‍ ഇത്തരത്തില്‍ ആകെയുള്ളത് 16 വാഹനങ്ങളാണ്. ഇതില്‍ വേങ്ങര, മലപ്പുറം മണ്ഡലങ്ങളിലെ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ബാക്കിയുള്ളവ കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷമായി. ഓരോ നിയോജക മണ്ഡലത്തിലും ഓരോ വാഹനമെന്ന നിലയിലാണ് ജില്ലയ്ക്കു 16 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഒരുകാലത്തു വളരെ ജനകീയമായ പദ്ധതിയായിരുന്നു ഇത്.
വീട്ടുമുറ്റത്തു വിലക്കുറവില്‍ പലചരക്കു സാധനങ്ങളത്തെിക്കുന്ന ത്രിവേണി വാഹനങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. പിന്നീട് കണ്‍സ്യൂമര്‍ഫെഡിന്റെ അനാസ്ഥ മൂലം മൊബൈല്‍ ത്രിവേണി പദ്ധതി അവതാളത്തിലാകുകയായിരുന്നു. കാലാവധി പുതുക്കാത്തതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുംമൂലം മിക്ക വണ്ടികളും നിരത്തിലിറങ്ങാതെയായി. ഓരോ വാഹനങ്ങളിലും ഒരു ഡ്രൈവര്‍, ഒരു സഹായി എന്ന നിലക്കാണ് ജീവനക്കാരെ നിയോഗിച്ചിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം കണ്‍സ്യൂമര്‍ഫെഡിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ പ്രതിസന്ധി ഇരട്ടിയായി.
വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനോ കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താനോ അധികൃതര്‍ തയാറാകാത്തതാണ് പദ്ധതി നിലക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി ഒരു വാഹനത്തിന് ചുരുങ്ങിയത് 30,000 രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. വലിയൊരു സംഖ്യ ഈ ഇനത്തിലേക്ക് നീക്കിവയ്ക്കുന്നതു ലാഭകരമല്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമായത്.
ഡിസംബര്‍ 31നകം എല്ലാ വാഹനങ്ങളും ലേലംചെയ്ത് ഒഴിവാക്കാനാണ് ഫെഡറേഷന്റെ തീരുമാനം. ഇതിനു മുന്നോടിയായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 28ന് എടപ്പാളിലെ ത്രിവേണി റീജ്യണല്‍ ഓഫിസില്‍വച്ചാണ് ലേലം നടക്കുക. അതേസമയം, ഇപ്പോഴും സര്‍വിസ് തുടരുന്ന വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ പഴയതുപോലെ സേവനം തുടരുമെന്നു ത്രിവേണി റീജ്യണല്‍ മാനേജര്‍ സാജിദ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."