എട്ടാം കിരീടത്തിലേക്ക് സൈക്കിളോടിച്ച് കേരളം
തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ് സമാപനത്തിലേക്ക് എത്തിയപ്പോള്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിന് അരികിലെത്തി കേരളത്തിന്റെ സൈക്കിളോട്ടം. കഴിഞ്ഞ ഏഴുവര്‍ഷമായി വെലോഡ്രോമില്‍ കേരളമാണ് ദേശീയ ഓവറോള്‍ ചാംപ്യന്മാര്. നാലാം ദിനമായ ഇന്നലെ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കൂടി കേരളത്തിന്റെ മെഡല്‍ ബാസ്ക്കറ്റിലെത്തി. ഇതോടെ ആറ് സ്വര്‍ണവും ഏഴ് വെള്ളിയും മൂന്നു വെങ്കലും നേടിയ കേരളം 62 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുരുകയാണ്.
രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയ്ക്ക് 40 പോയിന്റാണുള്ളത്. 32 പോയിന്റുമായി മണിപ്പൂര്‍ മൂന്നാം സ്ഥാനത്താണ്. വനിതകളുടെ 4000 മീറ്റര്‍ പര്‍സ്യൂട്ട് ടീം ഇനത്തിലാണ് കേരള ടീം സ്വര്‍ണം നേടിയത്. പി.ഒ സയന, അമൃത, കെസിയ വര്‍ഗീസ്, വി രജനി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് 5.37.861 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കേരളത്തിനായി സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ 18 വയസില്‍ താഴെയുള്ള 4000 മീറ്റര്‍ പര്‍സ്യൂട്ടില്‍ കേരളം വെങ്കലം നേടി. അമൃത, നിചിതലാല്, ജി.എസ് വിദ്യ, കെ.ജെ കല്യാണി എന്നിവര്‍ ഉള്‍പ്പെട്ട സംഘം 5.44.127 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. കര്‍ണാടകയുടെ പെണ്‍കുട്ടികള്‍ സ്വര്‍ണം നേടി. മഹാരാഷ്ട്രയ്ക്കാണ് വെങ്കലം.
വനിതകളുടെ സ്പ്രിന്റില്‍ കെസിയ വര്‍ഗീസ് കേരളത്തിനായി വെങ്കലം നേടി. 12.775 സെക്കന്‍ഡിലായിരുന്നു കെസിയയുടെ വെള്ളി മെഡല്‍ നേട്ടം. ആന്‍ഡമാന്‍ നിക്കോബാറിന്റെ ദെബോറ (12.456 സെക്കന്‍ഡ്) സ്വര്‍ണം നേടി. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സ്പ്രിന്റിലായിരുന്നു കേരളത്തിന്റെ മറ്റൊരു മെഡല്‍ നേട്ടം. പി നയന രാജേഷ് ആണ് 13.319 സെക്കന്‍ഡില്‍ കുതിച്ചെത്തി വെങ്കലം നേടിയത്. മഹാരാഷ്ട്രയുടെ ശുശികല അഗാഷേ (13.081) സ്വര്‍ണവും അസമിന്റെ അനു ചുട്ടിയ (13.58) വെള്ളിയും നേടി.
ഒരു റെക്കോര്‍ഡ് മാത്രമാണ് ഇന്നലെ വെലോഡ്രോമില്‍ പിറന്നത്. ആന്‍ഡമാന്‍ നിക്കോബാറിന്റെ ഇസോ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സ്പ്രിന്റില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 11.207 സെക്കന്‍ഡില്‍ സൈക്കളില്‍ പറന്നെത്തി ഫിനിഷ് ചെയ്താണ് ഇസോ പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ പി സനുരാജ് സൃഷ്ടിച്ച 11.620 സെക്കന്റിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. നാല് ദിവസമായി കാര്യവട്ടം എല്‍.എന്‍.സി.പി.ഇ വെലോഡ്രോമില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."