ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം എ.സി മിലാന്
ദോഹ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം എ.സി മിലാന്. കരുത്തരായ യുവന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് മിലാന്‍ തകര്‍പ്പന്‍ ജയത്തോടെ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും കളി 1-1 നു സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. 4-3നാണ് മിലാന്‍ വിജയം സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എ.സി മിലാന്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുവന്റസിന്റെ മരിയോ മാന്‍ഡ്‌സുകിച്, പൗളോ ഡിബാല എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടില്ല. മിലാന്റെ ജിയാന്‍ലൂക്ക ലപാദുലയുടെ കിക്ക് യുവന്റസ് ഗോളി ബുഫണ്‍ തടുത്തു.
കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി യുവന്റസാണ് ആദ്യം മുന്നില്‍ കടന്നത്. 18ാം മിനുട്ടില്‍ ജോര്‍ജിയോ ചെല്ലീനിയാണ് യുവന്റസിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ജിയകോമോ ബൊണവെന്റുറ 38ാം മിനുട്ടില്‍ നേടിയ ഗോളില്‍ മിലാന്‍ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ മിലാന്‍ സൃഷ്ടിച്ചെങ്കിലും യുവന്റസ് പ്രതിരോധവും യുവന്റസിനായി 600ാം മത്സരത്തിനിറങ്ങിയ നായകന്‍ ജിയാന്‍ലൂജി ബുഫണിന്റെ കരുത്തുറ്റ കരങ്ങളും സീരി എ ചാംപ്യന്മാരുടെ തുണയ്‌ക്കെത്തി. മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ പെനാല്‍റ്റിയിലാണ് വിജയം നിര്‍ണയിച്ചത്.
യുവന്റസിനായി അദ്യ കിക്കെടുത്ത മര്‍ച്ചീസിയോ പന്ത് വലയിലാക്കി അവരെ മുന്നില്‍ കടത്തി. മിലാന്റെ ആദ്യ കിക്കെടുത്ത ലപദുലയുടെ ഷോട്ട് ബുഫണ്‍ അനായാസം തടുത്തു. എന്നാല്‍ യുവന്റസിനായി മൂന്നാം കിക്കെടുത്ത മാന്‍ഡ്‌സുകിചിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി പുറത്തു പോയി.
മിലാന്റെ ഷോട്ടെടുത്ത ബൊണവെന്റുറ ലക്ഷ്യം പിഴയ്ക്കാതെ വലയിലാക്കിയതോടെ ഇരു ടീമുകളും 1-1നു സമനില. യുവന്റസിനായി ഹിഗ്വെയ്‌നും മിലാന്റെ കുക്കയും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-2. നാലാം കിക്കെടുത്ത യുവന്റസിന്റെ ഖെദീര, മിലാന്റെ ടോറെ എന്നിവരും പിഴയ്ക്കാതെ പന്ത് വലയിലാക്കിയതോടെ സ്‌കോര്‍ 3-3. അഞ്ചാം കിക്കെടുത്ത യുവന്റസിന്റെ ഡിബാലയ്ക്ക് പിഴച്ചപ്പോള്‍ നിര്‍ണായകമായ അവസാന കിക്ക് വലയിലാക്കി മരിയോ പസലിച് മിലാന്റെ അഞ്ചു വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് സൂപ്പര്‍ കോപ്പ ഇറ്റലിയാനയിലൂടെ വിരാമമിട്ടു.
2010-11 കാലത്ത് സീരി എ ചാംപ്യന്‍മാരായ മിലാന്‍ 2011ലെ സൂപ്പര്‍ കപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് അവര്‍ ഒരു ട്രോഫി നെഞ്ചോടു ചേര്‍ക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ യുവന്റസിനെ തകര്‍ത്ത് ഏഴാം തവണയും ചാംപ്യന്‍മാരായ മിലാന്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് നേടുന്ന ടീമെന്ന യുവന്റസിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."