ഇസ്‌റാഈല്‍: ട്രംപിനെതിരേയുള്ള ഒബാമയുടെ കരുനീക്കം
ജറൂസലേം: കിഴക്കന്‍ ജറൂസലേമിലെ ഇസ്‌റാഈല്‍ അധിനിവേശത്തിന് തിരിച്ചടി നല്‍കുന്ന യു.എന്‍ പ്രമേയം ട്രംപിനെതിരേയുള്ള ഒബാമയുടെ കരുനീക്കം. സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിനു പിന്നാലെ മുസ്‌ലിം വിവരശേഖരണം നടത്തുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പിന്‍വലിച്ച് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ ഒബാമ തിരിച്ചടി തുടങ്ങിയിരുന്നു.
ജൂത പിന്തുണയോടെ ജയിച്ച ട്രംപ് ഇസ്‌റാഈലിനെതിരേയുള്ള പ്രമേയം അവതരിപ്പിക്കാതിരിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും അമേരിക്കയുടെ മൗനത്തോടെ വിഫലമായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നിലവില്‍ ഒരു പ്രസിഡന്റ് മതിയെന്ന നിലപാടാണ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് യു.എസ് മാധ്യമങ്ങള്‍ പറഞ്ഞു. ഒബാമയുടെ കാലാവധി അടുത്തമാസം 20 നാണ് അവസാനിക്കുന്നത്. ഇതിനിടെ ഭരണകാര്യങ്ങളില്‍ ട്രംപ് ഇടപെടുന്നുവെന്നാണ് ഒബാമയുടെ ക്യാംപ് പറയുന്നത്. കഴിഞ്ഞ ദിവസം ഈജിപ്്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സീസിയെ വിളിച്ച് ട്രംപ് ഫലസ്തീന്‍ അനുകൂല പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞിരുന്നു. യു.എന്നില്‍ പ്രമേയം അവതരിപ്പിച്ചപ്പോഴും യു.എസ് സ്ഥാനപതിക്ക് മേല്‍ ട്രംപിന്റെ സമ്മര്‍ദ്ദമുണ്ടായി.
അടുത്തമാസം അധികാരത്തിലെത്തിയാല്‍ യു.എന്‍ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും യു.എന്‍ പ്രമേയം തിരുത്താന്‍ യു.എസിന് കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിനിടെ, രക്ഷാ കൗണ്‍സിലിന്റെ പ്രമേയം ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. മേഖലയില്‍ സമാധാനം പുലരണമെന്ന രാജ്യാന്തര സമൂഹത്തിന്റെ ആഗ്രഹമാണ് പ്രമേയം പാസായതിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വീഡന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തിനു പിന്തുണ നല്‍കിയിട്ടുണ്ട്. യു.എന്‍ പ്രമേയത്തെ ഹമാസും അനുകൂലിച്ചു.
1967ല്‍ ആറ് ദിവസം നീണ്ട യുദ്ധത്തിലാണ് ഇസ്‌റാഈലും സഖ്യശക്തികളും ചേര്‍ന്ന് പ്രദേശം പിടിച്ചെടുത്തത്. അധിനിവേശത്തിന് പിന്നാലെ ജൂതകേന്ദ്രങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും അഞ്ചുലക്ഷം ജൂതന്‍മാരെ പ്രദേശത്ത് താമസിപ്പിക്കുകയും ചെയ്ത ഇസ്‌റാഈല്‍ നടപടി നിയമവിരുദ്ധമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."