ഇവര്‍ക്ക് ക്രിസ്മസ് ആഘോഷമില്ല; നീതിക്കായുള്ള പോരാട്ടം 500ാം ദിവസത്തിലേക്ക്
കല്‍പ്പറ്റ: നാടെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസ, ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസ്, ഇവരുടെ ഇരട്ടക്കുട്ടികളും തൊട്ടില്‍പ്പാലം എ.ജെ ജോണ്‍ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായ ബിബിന്‍, നിധിന്‍ എന്നിവര്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ നീതിക്കായുള്ള സമരത്തിലാണ്. നാളേക്ക് ഇവരുടെ സത്യഗ്രഹസമരം 500ാം ദിവസത്തിലേക്ക് കടക്കും. തെളിവുകള്‍ മുഴുവന്‍ അനുകൂലമായിട്ടും ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢതന്ത്രങ്ങളില്‍പ്പെട്ട് തങ്ങള്‍ക്ക് ലഭിക്കേണ്ട ഭൂമി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സമരത്തിനിറങ്ങിയത്.
ക്രിസ്മസ് തലേന്ന് രാത്രി സമരപ്പന്തലിനുള്ളില്‍തന്നെ അന്തിയുറങ്ങാനുള്ള തീരുമാനമെടുത്ത കുടുംബം രാത്രി വൈകിയും ഇവിടെതന്നെ കഴിച്ചുകൂട്ടുകയാണ്. 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്ന് കാഞ്ഞിരത്തിനാല്‍ കുടുംബം വിലയ്ക്കുവാങ്ങിയതാണ് കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കര്‍ ഭൂമി. വനഭൂമിയെന്ന് വരുത്തിത്തീര്‍ത്ത് 1976ല്‍ വനംവകുപ്പ് ഈ സ്ഥലം കൈവശപ്പെടുത്തിയതിനെതിരേയാണ് സമരം. ഇതിനുപിന്നാലെ തുടങ്ങിയതാണ് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടം. കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ ആരംഭിച്ച നിയമയുദ്ധം ഇപ്പോള്‍ ഹൈക്കോടതിയില്‍ തുടരുകയാണ്. 2015ലെ സ്വാതന്ത്ര്യദിനത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്. 12 ഏക്കര്‍ ഭൂമിയും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിട്ടുകൊടുത്ത് 2007 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് ബോധ്യമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി അടച്ചെങ്കിലും ഭൂമിയില്‍ താമസമാക്കാനും കൃഷിയിറക്കാനും കഴിഞ്ഞില്ല. തൃശൂരിലെ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' നല്‍കിയ ഹരജിയില്‍ ഭൂമിയിലെ വനേതര പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞതാണ് ഇതിനു കാരണമായത്. അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2012 ഡിസംബര്‍ 13ന് പുറപ്പെടുവിച്ച വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് എതിരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."