നോട്ട് ക്ഷാമം: സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയക്കും
തിരുവനന്തപുരം: നോട്ട് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് കേരളം റിസര്‍വ് ബാങ്കിനും കേന്ദ്ര ധനവകുപ്പിനും കത്തയക്കും.
കഴിഞ്ഞ മാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണം ഇല്ലാതെവന്നപ്പോള്‍ ബി.ജെ.പിയും പ്രതിപക്ഷവും റിസര്‍വ് ബാങ്കിനോട് മുന്‍കൂട്ടി പണം ആവശ്യപ്പെട്ടില്ലെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പണം ആവശ്യപ്പെട്ട് നേരത്തേ കത്തയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ധനമന്ത്രി തോമസ് ഐസകിന്റെ നിര്‍ദേശ പ്രകാരം ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നാളെ കത്തു നല്‍കും. നോട്ട് നിരോധനത്തെത്തുടര്‍ന്ന് സംസ്ഥാന വരുമാനത്തിലുണ്ടായ തിരിച്ചടിയുടെ കണക്കുകളും കത്തില്‍ സൂചിപ്പിക്കും. ശമ്പളവിതരണത്തിനായി ആദ്യത്തെ ആഴ്ച ബാങ്ക്, ട്രഷറി അക്കൗണ്ടുകളിലേക്കായി 1,650 കോടിയാണ് സര്‍ക്കാര്‍ കൈമാറുന്നത്. ട്രഷറിവഴി ഒരു മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് 1,300 കോടി വേണം. നോട്ട് നിരോധനത്തിനുശേഷമുള്ള ആദ്യ ശമ്പളവിതരണ ദിനമായ ഡിസംബര്‍ ഒന്നിന് ട്രഷറികളിലേക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 167 കോടിയാണ്. ലഭിച്ചത് 111 കോടിയും. 222 ട്രഷറികളില്‍ 42 ട്രഷറികളില്‍ ആദ്യദിനം വിതരണം തടസപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."