റെയില്‍പാത അട്ടിമറിക്കാന്‍ നീക്കമെന്ന്
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത പദ്ധതി അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. ബംഗളൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള ഏറ്റവും എളുപ്പപാത എന്ന നിലയില്‍ കേരളത്തിന്റെ ഭാവിവികസനത്തിന് ഈ റയില്‍പാത നിര്‍ണായകമാണ്.
വെറും 152 കി.മീ ദൂരത്തില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത നിര്‍മിക്കാമെന്നും പാത വന്‍ ലാഭമാകുമെന്നും പ്രാഥമിക പഠനത്തില്‍ ഡോ. ഇ ശ്രീധരന്‍ കണ്ടെത്തിയിരുന്നു.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് 2016-17ലെ റയില്‍വേ ബജറ്റില്‍ അനുമതി ലഭിക്കുകയും നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ച പദ്ധതികള്‍ ഉള്‍പ്പെടുത്തുന്ന പിങ്ക് ബുക്കില്‍ ചേര്‍ക്കുകയും ചെയ്തതാണ്. ഈ പാതക്ക് 50 ശതമാനത്തില്‍ കേന്ദ്രത്തിന്റെ നിര്‍മാണവിഹിതവും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ കമ്പനി രൂപീകരിച്ച് പദ്ധതി നടപ്പാക്കാനായി കേന്ദ്രവുമായി കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഏഴ് റെയില്‍വേ പദ്ധതികള്‍ കേരളം കമ്പനി രൂപീകരിച്ച് നടപ്പാക്കാന്‍ കണ്ടെത്തിയതില്‍ നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ പാതക്ക് മുന്‍ഗണനാക്രമത്തില്‍ മൂന്നാം സ്ഥാനമാണ് നല്‍കിയത്.
പാതക്കുവേണ്ടി ധനസമാഹരണം നടത്തണമെങ്കില്‍ അന്തിമ സര്‍വ്വേ നടത്തി വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കണം. ഇതിനായി ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തുകയും ചിലവായി എട്ടുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഡി.എം.ആര്‍.സിക്ക് നല്‍കാനായി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഡി.എം.ആര്‍.സി സര്‍വ്വേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രാഥമിക ജോലിക്കുള്ള പുറംകരാറുകള്‍ നല്‍കുകയും ചെയ്തശേഷം കഴിഞ്ഞ ജൂലൈ 23ന് ആദ്യഘട്ടമായി രണ്ടുകോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ഘട്ടം മുതലുണ്ടായ ചില ബാഹ്യ ഇടപെടലുകളെത്തുടര്‍ന്ന് ഡി.എം.ആര്‍.സിക്ക് പണം നല്‍കാതെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മുന്‍പ് പരിഗണിക്കപ്പെടാതിരുന്ന തലശ്ശേരി-മൈസൂര്‍ പാതകൂടി കേരളത്തിന്റെ കമ്പനി രൂപീകരിച്ച് നടപ്പാക്കാനുള്ള പദ്ധതിയില്‍ എട്ടാമതായി എഴുതിച്ചേര്‍ത്തു.
തുടര്‍ന്നാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത സര്‍വ്വേക്ക് അനുവദിച്ച പണം തടഞ്ഞുവെക്കാന്‍ ഉന്നതതലങ്ങളില്‍നിന്ന് വാക്കാല്‍ നിര്‍ദേശം ഉണ്ടായത്. തുടര്‍ന്ന് തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ പ്രാഥമികപഠനം നടത്താനായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രാഥമികപഠനം പോലും നടത്താതെ തലശ്ശേരി-മൈസൂര്‍ പാത കേരളത്തിന്റെ റെയില്‍ പദ്ധതികളുടെ മുന്‍ഗണനാ പട്ടികയില്‍ ചേര്‍ത്തപ്പോഴാണ് റയില്‍വേ ബജറ്റില്‍ അനുവദിച്ച്,
പിങ്ക് ബുക്കില്‍ ഇടംപിടിച്ച 2015ലേയും 2016ലേയും സംസ്ഥാന ബജറ്റുകളില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയെ തഴയുന്നത്.
ഷൊര്‍ണ്ണൂരില്‍നിന്ന് തലശ്ശേരി വഴി നിര്‍ദിഷ്ട പാതയിലൂടെ മൈസൂരിലെത്താന്‍ 344 കി.മീ ദൂരം വരുമ്പോള്‍ നിലമ്പൂര്‍-നഞ്ചന്‍ഗോഡ് വഴി ഇത് 240 കി.മീ മാത്രമെ വരൂ. തലശ്ശേരി-മൈസൂര്‍ പാതക്ക് 190 കി.മീ ദൂരം വരുമ്പോള്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് ഡോ. ഇ ശ്രീധരന്‍ നിര്‍ദേശിച്ചത് 152 കി.മീ അലൈന്‍മെന്റാണ്. എന്തുകൊണ്ടും സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ ഒരു പാത ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമത്തിനെതിരേ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."