അലന് ക്രിസ്മസ് സമ്മാനമായി സ്‌നേഹ വീടൊരുങ്ങി
ഈരാറ്റുപേട്ട: ജന്മനാ കിഡ്‌നി രോഗിയായിരുന്ന പൂഞ്ഞാര്‍ അടിവാരം അലന്‍ ജോര്‍ജ്ജ് എന്ന എട്ടു വയസുകാരന് സ്‌നേഹവീടൊരുക്കി. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സാരഥി ഉമാ പ്രേമന്‍ മുന്‍കൈ എടുത്താണ് അലന് ക്രിസ്മസ് സമ്മാനമായി പുതുവീടിനുള്ള പണം നല്‍കിയത്. ചകിത്സയുമായി ബന്ധപ്പെട്ട് അലന് ആശുപത്രിയിലായതിനാല്‍ വീടിന്റെ താക്കോല്‍ പള്ളി വികാരി ഫാ. ജോര്‍ജ്ജ് പേരുകുന്നേലിനു കൈമാറി.
അടിവാരം പള്ളി വികാരി ഫാ. ജോര്‍ജ്ജ് പേരുകുന്നേല്‍, ജോഷി താന്നിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകക്കാരുടെ ഒരു കര്‍മ്മ സമിതി രൂപീകരിച്ചായിരുന്നു വീടു പണിക്കു മേല്‍നോട്ടം വഹിച്ചത്. അലന്‍ തിരിച്ചു വരുമ്പോള്‍ അവനെ ഈ സുന്ദരമായ വീട്ടിലേയ്ക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണു വീടു പണിക്കു മേല്‍നോട്ടം വഹിച്ചവര്‍.
ഇനി അലന്റെ കിഡ്‌നി മാറ്റി വയ്ക്കുക എന്നതാണ് മുഖ്യ വിഷയം. അതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. കോലോത്ത് ജോര്‍ജ്ജ്കുട്ടി -മിനി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ അലന്‍ ജനനം മുതല്‍ മൂത്രതടസം സംബന്ധിച്ച ചികിത്സയിലായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൃത്യമായ ചികിത്സകള്‍ നടത്താന്‍ പര്യാപ്തമായിരുന്നില്ല. മൂത്രം പോകുന്നതിനായി വയറ് തുളച്ച് ട്യൂബ് ഇട്ടിരിക്കുകയാണ് ഇപ്പോള്‍. കുട്ടിയുടെ മൂത്ര സഞ്ചി ചുരുങ്ങിപ്പോവുകയും കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുകയും ചെയ്ത അവസ്ഥയിലാണ്. ഇനി കിഡ്‌നി മാറ്റിവയ്ക്കുക എന്നതാണു പോം വഴി. അതിനായി പിതാവിന്റെ കിഡ്‌നി കൊടുക്കാന്‍ സാധിക്കും. അതിനുള്ള പണം കണ്ടെത്തുക എന്നതാണു മുമ്പിലുള്ള പ്രശ്‌നം.
മൂന്ന് മാസം മുമ്പ് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സാരഥി ഉമാ പ്രേമന്റെ അടുത്ത് ഈ കുട്ടിയെ എത്തിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കിയ ഉമാ പ്രേമന്‍ അടിവാരത്ത് എത്തുകയും കുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കുകയും ചെയ്തു.
അവിടെ വച്ചുതന്നെ അവര്‍ ഒരു വീടിനു വേണ്ട പണം കണ്ടെത്തി നല്‍കാമെന്ന് ഏല്‍ക്കുകയും ക്രിസ്മസ് സമ്മാനമായി ഈ വീട് നല്‍കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. അതിനായി അടിവാരം പള്ളി വികാരി ഫാ. ജോര്‍ജ്ജ് പേരുകുന്നേല്‍, ജോഷി താന്നിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകക്കാരുടെ ഒരു കര്‍മ്മ സമിതി രൂപീകരിച്ച് വീടു പണി ഏറ്റെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."