കുറ്റം തലയില്‍ കെട്ടിവെയ്ക്കാന്‍ 'മാവോയിസ്റ്റാക്കല്‍' തന്ത്രവുമായി പൊലിസ്
കൊച്ചി:കുറ്റം സമ്മതിപ്പിക്കാന്‍ പൊലിസില്‍'മാവോയിസ്റ്റാക്കല്‍'തന്ത്രം വ്യാപകമാകുന്നതായി സൂചന. താല്‍പര്യമുള്ളവരെ രക്ഷിക്കുന്നതിനും തെളിയാത്ത കേസുകളുടെ ഭാരം ഒഴിവാക്കുന്നതിനുമാണ് ഈ തന്ത്രം. പല കേസുകളും നിരപരാധികളുടെ തലയില്‍ കെട്ടിവെക്കുന്നതിന് 'കുറ്റമേറ്റില്ലെങ്കില്‍ നിന്നെ മാവോയിസ്റ്റാക്കും' എന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പൊലിസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങിലും ഈ പ്രശ്‌നം ഉയര്‍ന്നുവന്നു. ചെറുകിട കേസുകളില്‍ പോലും പൊലിസ് 'മാവോയിസ്റ്റാക്കല്‍' തന്ത്രം ഉപയോഗപ്പെടുത്തുന്നതായാണ് സൂചന. ഏതാനും മാസങ്ങളായി പൊലിസ് അതിക്രമം വര്‍ധിച്ചുവരുന്നു എന്ന വെളിപ്പെടുത്തലുകള്‍ക്കിടെയാണ് 'മാവോയിസ്റ്റ്'തന്ത്രവും.
മാവേലിക്കര തെക്കേക്കര കുറത്തികാട് പുറമ്പോക്കില്‍ കുടില്‍കെട്ടി കഴിയുന്ന ചുമട്ടുതൊഴിലാളി സജനും കുടുംബത്തിനുമാണ് ഏറ്റവുമൊടുവില്‍'ഈ ഭീഷണി ദുരന്തമായത്. കടുത്ത മര്‍ദനവും ഇയാള്‍ക്ക് ഏല്‍ക്കേണ്ടിവന്നു.
തെക്കേക്കര പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയപ്പോള്‍ ജീവനക്കാരന്‍ തന്നെ ടെന്‍ഡര്‍ സ്വന്തമാക്കി. ഇയാള്‍ മര ഉരുപ്പടികള്‍ മാറ്റുന്നതിന് സജനെയും രണ്ടുപേരെയുമാണ് ജോലി ഏല്‍പിച്ചത്. കെട്ടിടത്തിന് അകത്തുണ്ടായിരുന്ന ഈട്ടിത്തടികൊണ്ടുള്ള മേശ, ബെഞ്ചുകള്‍ എന്നിവ ജീവനക്കാരന്‍ രഹസ്യമായി കടത്തിയതായും പറയുന്നു.
ഇത് ശ്രദ്ധയില്‍പെട്ട ഒരു മുന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ സജനെ അന്വേഷിച്ചാണ് പൊലിസ് എത്തിയത്.
കാരണമറിയാന്‍ കുറത്തികാട് പൊലിസ് സ്റ്റേഷനില്‍ചെന്ന ഇയാളെ എസ്.ഐ മധു ക്രൂരമായി മര്‍ദിച്ചുവെന്നും തൊണ്ടിമുതല്‍ എവിടെയെന്ന് ചോദിച്ച് ബൂട്ടിട്ട് ചവിട്ടിയെന്നുമാണ് പൊലിസ് കംപ്ലയിന്റ്് അതോറിറ്റിക്ക് മൊഴി നല്‍കിയത്.
കുറ്റം ഏറ്റില്ലെങ്കില്‍ മാവോയിസ്റ്റെന്ന് മുദ്രകുത്തി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ മര്‍ദനം. അവശനിലയിലായപ്പോള്‍ രാത്രി ഏഴുമണിയോടെ പറഞ്ഞുവിട്ടതായും ഇയാള്‍ പറയുന്നു. മുഖത്തും ശരീരത്തിലും നീര്‍ക്കെട്ടും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായതോടെ രാത്രി ആശുപത്രിയില്‍ അഡ്മിറ്റായി.
വിവരമറിഞ്ഞ് പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പ് മാവേലിക്കരയിലത്തെി തെളിവെടുക്കുകയും ചെയ്തു.
അവശനായ സജന് ഇപ്പോള്‍ പണിക്കുപോകാന്‍പോലും പറ്റുന്നുമില്ല. ഇതോടെ ഭാര്യയും അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബം പട്ടിണിയിലുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."