കരിങ്ങാട് മലയില്‍ വീണ്ടും കാട്ടാന ശല്യം
തൊട്ടില്‍പ്പാലം: കാവിലുംപാറയിലെ കരിങ്ങാട് മലയില്‍ വീണ്ടും കാട്ടാനശല്യം. കഴിഞ്ഞദിവസം കാട്ടാനകള്‍ കൂട്ടമായി കൃഷിസ്ഥലത്തേക്കിറങ്ങി ഏക്കറിലധികം വിളകള്‍ നശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണു കാട്ടാനക്കൂട്ടം കൃഷി സ്ഥലങ്ങളില്‍ നാശം വിതയ്ക്കുന്നത്. ഹമീദ് കൈവേലി, ഉസ്മാന്‍, കുയ്യടി ബാലന്‍, രഞ്ജിത്ത്, പട്ടാമ്പി ശശി, എം.എസ് രവീന്ദ്രന്‍, വടക്കെപറമ്പത്ത് ചന്ദ്രന്‍ എന്നിവരുടെ തെങ്ങ്, കവുങ്ങ്, റബ്ബര്‍, ഗ്രാമ്പു തുടങ്ങിയ വിളകളാണു നശിപ്പിച്ചത്.
അതേസമയം, കാട്ടാനശല്യത്തിനു പരിഹാരം കാണാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാരും കര്‍ഷകരും വിവരശേഖരണത്തിനായിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഇ.കെ വിജയന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഡി.എഫ്.ഒ യുമായി ചര്‍ച്ച നടത്തുകയുംപ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ആഴ്ചകള്‍ക്കു മുന്‍പ് കൃഷിസ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കുനേരെ കാട്ടാനകള്‍ ഓടിയടുത്തിരുന്നു. ഇവര്‍ ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കുറ്റ്യാടിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലേക്കു കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നായിരുന്നു ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."