എല്ലാ ജില്ലയിലും കാന്‍സര്‍ കേന്ദ്രങ്ങള്‍: പ്രഖ്യാപനം പാഴ്വാക്കായി
കോഴിക്കോട്: എല്ലാ ജില്ലയിലും മിനി കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന മുന്‍സര്‍ക്കാരിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും, ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് 2015ലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്.
ഒരു നടപടിയും പിന്നീട് കൈക്കൊണ്ടില്ല. ഭൂരിഭാഗം ജില്ലാ ആശുപത്രികളിലും കാന്‍സര്‍ നിര്‍ണയത്തിനോ ചികിത്സയ്ക്കോ ഉപകരണങ്ങളോ ജീവനക്കാരോ ഇല്ല. മിക്കയിടങ്ങളിലും റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ണായും ശൂന്യമാണ്. സാധാരണക്കാരായ കാന്‍സര്‍ രോഗികളില്‍ ഭൂരിഭാഗവും കീമോത്തെറാപ്പിക്കും റേഡിയോ തെറാപ്പിക്കും മറ്റുമായി ജില്ലാ ആശുപത്രികളിലെത്തുന്നുണ്ട്.
എന്നാല്‍ സൗകര്യങ്ങളില്ലെന്നറിഞ്ഞ് ഇവര്‍ നിരാശരായി മടങ്ങുകയാണ്. ചികിത്സക്കാവശ്യമായ കൊബാള്‍ട്ട് ആക്സിലറേറ്റര്‍, ബ്രക്കിത്തെറാപ്പി മെഷീന് എന്നിവയൊന്നും ഇതുവരെ ജില്ലാ ആശുപത്രികളില്‍ വിതരണം ചെയ്തിട്ടില്ല.
റേഡിയോത്തെറാപ്പിക്കായി പ്രത്യേക വകുപ്പ് വേണമെന്ന നിര്‍ദേശം ഏറെക്കാലം മുന്‍പേ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും പരിഗണിച്ചിട്ടില്ലെന്ന് കേരള മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
അതേ സമയം അഞ്ചു മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കുമായി 105 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എല്ലാ മെഡിക്കല്‍ കോളജിലേയും ഓന്‍കോളജി വിഭാഗത്തിലേക്കായി 50 ഡോക്ടര്‍മാരെയും 55 നഴ്സുമാരെയുമാണ് നിയമിക്കുക. അപ്പോഴും ജില്ലാ കാന്‍സര്‍ കേന്ദ്രങ്ങള്‍ എന്നത് സ്വപ്നമായിത്തന്നെ ശേഷിക്കും.
4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."