മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആത്മഹത്യാ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം:പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. യുവമോര്‍ച്ച നടത്തിയിരുന്ന സമരവും ഇതോടെ അവസാനിപ്പിച്ചു. നീട്ടാത്ത റാങ്ക് ലിസ്റ്റുകള്‍ ആറുമാസത്തേക്ക് നീട്ടിയതായി മന്ത്രിസഭ തീരുമാനം വന്നതോടെയാണ് സമരങ്ങള്‍ അവസാനിപ്പിച്ചത്.
അതേസമയം ഓള്‍ കേരളാ സ്റ്റാഫ് നഴ്‌സ് ഡി.എച്ച്.എസ് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിവരുന്ന സമരം 31 വരെ തുടരുമെന്ന് പ്രസിഡന്റ് രാഖി അറിയിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം നാളെ പി.എസ്.സി യോഗ തീരുമാനം അറിഞ്ഞ ശേഷമേ അവസാനിപ്പിക്കുകയുള്ളൂ എന്ന് ഭാരവാഹികള്‍ പറഞ്ഞു.
റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവും 24 മണിക്കൂര്‍ സമരം അവസാനിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് യുവാവ് താഴെയിറങ്ങിയത്. റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ മരത്തില്‍ നിന്നും താഴെയിറങ്ങാന്‍ അഭ്യര്‍ഥിച്ചതോടെയാണ് ഇയാള്‍ ഇറങ്ങി വന്നത്.
യുവാവിനെ പാട്ടുപാടിയാണ് അസോസിയേഷന്‍ അംഗങ്ങള്‍ സ്വീകരിച്ചത്. ഇയാളുടെ മുഖം ക്യാമറയില്‍ പതിയാതിരിക്കാനും അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. പൊലിസ് തിരഞ്ഞു വരുന്നതിനു മുന്‍പുതന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നും ഇയാളെ മാറ്റി.
യുവാവ് മരത്തില്‍ കയറിയതിനു പിന്നാലെ ചൊവ്വാഴ്ച മുതല്‍ ഫയര്‍ഫോഴ്‌സ് സേഫ്റ്റി എയര്‍ കുഷ്യനും സജീകരണങ്ങളുമായി ഒരു ദിവസം മുഴുവന്‍ കാവല്‍ നിന്നു. പൊലിസും ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം റോഡില്‍ നിരന്നതോടെ ഇന്നലെ ഉച്ചവരെ എം.ജി റോഡില്‍ ഗതാഗതം താറുമാറായി.
ഒരു തവണയെങ്കിലും നീട്ടിയിട്ടുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചതോടെ മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഒന്‍പത് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുകയായിരുന്നു.
സെപ്റ്റംബറില്‍ ഇവരുടെ പട്ടിക മൂന്നുമാസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. ലിസ്റ്റിന്റെ കാലാവധി ഈമാസം 31ന് അവസാനിക്കും. ഇതോടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 7000 ഓളം പേര്‍ക്കാണ് അവസരം നഷ്ടപ്പെടുന്നത്. അതേസമയം ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അധികൃതര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."