വാഴനാരുകൊണ്ടുള്ള കരകൗശലവസ്തുക്കളുടെ നിര്‍മാണം വ്യാവസായിക അടിസ്ഥാനത്തില്‍
കല്‍പ്പറ്റ: വാഴനാരുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം വയനാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങുന്നു. സഞ്ചി, തൊപ്പി, ചവിട്ടി, പഴ്‌സ്, പായ തുടങ്ങിയ കരകൗശലവസ്തുക്കളുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്ന ഫാക്ടറി ജില്ലയില്‍ സ്ഥാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരകൗശലവസ്തു നിര്‍മാണ യൂനിറ്റുകള്‍ തുറക്കും. ഫാക്ടറി, യൂനിറ്റ് സാധ്യതാപഠനം നടന്നുവരികയാണ്.
സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ നിയോഗിച്ച ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിഡിഇ) എ. അയ്യപ്പനാണ് പഠനം നടത്തുന്നത്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം കരകൗശല വികസന കോര്‍പറേഷനു സമര്‍പ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ജില്ലയില്‍ ഫാക്ടറിയും കരകൗശലവസ്തു നിര്‍മാണ യൂനിറ്റുകളും യാഥാര്‍ഥ്യമാക്കാനാണ് കരകൗശല വികസന കോര്‍പറേഷന്റെ നീക്കം. അഞ്ച് കോടി രൂപയാണ് ഇതിനു മതിക്കുന്ന ചെലവ്.
വാഴകൃഷി കൂടുതലുള്ള പ്രദേശത്തായിരിക്കും വാഴനാര് ഉത്പാദന ഫാക്ടറി. ഏകദേശം ഒരേക്കര്‍ സ്ഥലമാണ് ഇതിനു ആവശ്യം. ഫാക്ടറിയില്‍ യന്ത്രസഹായത്തോടെ തയാറാക്കുന്ന വാഴനാരുകളാണ് കരകൗശല നിര്‍മാണ യൂനിറ്റുകള്‍ക്ക് ലഭ്യമാക്കുക.
ബ്രാന്‍ഡ് ചെയ്തായിരിക്കും യൂനിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണനം. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രദര്‍ശന നഗരികള്‍ തുടങ്ങിയവയും കയറ്റുമതി സാധ്യതകളും കരകൗശലവസ്തുക്കളുടെ വിപണനത്തിനു പ്രയോജനപ്പെടുത്തും.
കുറഞ്ഞത് 300 പേര്‍ക്ക് നേരിട്ടും 700 പേര്‍ക്ക് പരോക്ഷമായും സ്ഥിരം തൊഴിലിനു ഉതകുന്നതായിരിക്കും ഫാക്ടറിയും യൂനിറ്റുകളുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്നതിലും കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതിലും പ്രാഥമിക പരിശീലനം നേടിയ 3,000 ഓളം പേര്‍ ജില്ലയിലുണ്ട്. സ്ത്രീകളാണ് ഇതിലേറെയും. 800 സ്ത്രീകള്‍ ടെക്സ്റ്റയില്‍സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് കരകൗശലവസ്തു നിര്‍മാണ യൂനിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 വരെ സ്ത്രീകളാണ് ഓരോ യൂനിറ്റിലുമുള്ളത്. കരകൗശലവസ്തു നിര്‍മാണത്തിനു ആവശ്യമായി നാര് വാഴപ്പോളയില്‍നിന്നു വേര്‍തിരിക്കുന്നത് നിലവില്‍ ശ്രമകരമായ ജോലിയാണ്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ നാര് നിര്‍മാണത്തിനു വിനിയോഗിക്കുന്ന സമയം ലാഭമാകും. ഓരോ യൂനിറ്റിലും ഉത്പാദിപ്പിക്കുന്നത് ഗുണനിലവാരമുള്ള കരകൗശലവസ്തുക്കളാണെന്ന് കരകൗശല വികസന കോര്‍പറേഷന്‍ ഉറപ്പുവരുത്തും.
ഇതിന്റെ ഭാഗമായി ഓരോ യൂനിറ്റിലുമുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഫാക്ടറിയുടെയും യൂനിറ്റുകളുടെയും പ്രവര്‍ത്തനം. വാഴനാര് ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കളുടെ നിര്‍മാണം ജില്ലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങണമെന്ന ആവശ്യം ആദ്യമായി 2008ല്‍ വയനാട് ഇക്കോ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ പി.വി എല്‍ദോയാണ് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിനു നല്‍കിയ നിവേദനത്തിലൂടെ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."