കാഴ്ചയുടെ പ്രളയത്തില്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടരുത്: വൈശാഖന്‍
ചാവക്കാട്: കാഴ്ചയുടെ പ്രളയത്തില്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടുന്നവരായി മാറരുതെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്നുവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പുത്തന്‍കടപ്പുറം തീരദേശ വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക വിപണിക്ക് ചിന്തിക്കുന്ന മനുഷ്യനെ ആവശ്യമില്ല.
വിപണിയുടെ കച്ചവടതന്ത്രങ്ങള്‍ക്ക് ചിന്തിക്കാത്ത മനുഷ്യനെയാണ് ആവശ്യം. നവ മാധ്യമങ്ങളും ഇലക്ടട്രാണിക് മാധ്യമങ്ങളും കാണുന്നവനില്‍ ചിന്ത ഉണ്ടാക്കാത്ത വെറും കാഴ്ചകള്‍ മാത്രം നല്‍കുമ്പോള്‍ വിപണിയുടെ തന്ത്രങ്ങളില്‍ നാമറിയാതെ വീണു പോകുകയാണ്. ഇത്തരം കാഴ്ചകളില്‍ തിരിച്ചറിവ് നഷ്ടപ്പെടുന്നവരായി നാം മാറുന്നു. വിപണിയുടെ ആധിപത്യത്തിനായി ചിന്തയെ തടഞ്ഞുനിര്‍ത്തേണ്ടത് കച്ചവടത്തിന് ആവശ്യമാണ്. ചിന്ത നല്‍കാത്ത ഇത്തരം കാഴ്ചകള്‍ മനുഷ്യനെ വിഡ്ഡിയാക്കാന്‍ മാത്രമേ സഹായിക്കൂ.
ചിന്ത ഉണര്‍ത്തണമെങ്കില്‍ വായന വേണം, വൈശാഖന്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച് സലാം, കൗണ്‍സിലര്‍മാരായ പി.എം നാസര്‍, സീനത്ത് കോയ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജി രാമദാസ്, ഷീജ പ്രശാന്ത്, ലൈബ്രേറിയന്‍ അംബിക, കെ.നവാസ്, ഹനീഫ് ചാവക്കാട്, സിദ്ധിഖ് ഹാജി, കെ.എസ് അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."