വൈദ്യുതി ഉത്പാദനം തുടങ്ങി
ഇരിട്ടി: ബാരാപ്പോള്‍ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് സ്ഥാപിച്ച സൗരോര്‍ജ പാനലില്‍ നിന്നു വൈദ്യുതി ഉത്പാദനം തുടങ്ങി.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി രണ്ടാം വാരം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബാരാപ്പോള്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ വി.പി മഹ്‌റൂഫ് സുപ്രഭാതത്തോട് പറഞ്ഞു. നാലു മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ പദ്ധതി പ്രകാരം ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.
കനാലിനു മുകളില്‍ നിന്നു മൂന്നു മെഗാവാട്ടും കനാല്‍ തീരത്തു നിന്നു ഒരു മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ കനാല്‍ തീരത്തുള്ള സൗരോര്‍ജ പാനലില്‍ നിന്നു പൂര്‍ണമായും കനാലിനു മുകളിലുള്ള പദ്ധതിയില്‍ നിന്നു ഭാഗികമായുമാണ് നിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിച്ച ശേഷമായിരിക്കും ജനുവരി രണ്ടണ്ടാം വാരം ഉദ്ഘാടനം ചെയ്യുക. കനാലിന് മുകളിലുള്ള മൂന്നു മെഗാവാട്ട് പദ്ധതി 25.983 കോടി രൂപയ്ക്ക് കെല്‍ട്രോണും കനാല്‍ തീരത്തുള്ള ഒരു മെഗാവാട്ട് പദ്ധതി 6.75 കോടി രൂപയ്ക്ക് ഹൈദരാബാദിലെ എ.ഐ.സി സോളാര്‍ പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് കരാര്‍ എടുത്തിരിക്കുന്നത്.
അതേസമയം പഴശ്ശി പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്ന ഏഴര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പഴശ്ശി സാഗര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ നിര്‍മാണം 2017 ഏപ്രില്‍ തുടങ്ങും. 48 കോടിയുടെ സിവില്‍ വര്‍ക്കിന്റെ ടെന്‍ഡര്‍ ക്ഷണിച്ചത് ഈ മാസം ഏഴിനാണ്. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീയാക്കാന്‍ നാലുമാസം എടുക്കും. രണ്ടര മെഗാവാട്ടിന്റെ മൂന്നു മെഷീനില്‍ നിന്നുമാണ് ഇവിടെ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുക. ഡാമിന്റെ വലതുകരയില്‍ തുരങ്കം നിര്‍മിച്ച് അതിലൂടെ വെള്ളം കടത്തിവിട്ട് ഡാമിന് താഴെ ഭാഗത്തു നിര്‍മിച്ച പവര്‍ ഹൗസില്‍ സ്ഥാപിച്ച ജനറേറ്ററില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
പ്രതിവര്‍ഷം 25 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി, സൗരോര്‍ജ പദ്ധതി, പഴശ്ശി പദ്ധതി എന്നിവ പൂര്‍ണ തോതില്‍ നടപ്പിലാകുന്നതോടെ ജില്ലയില്‍ നിന്നു മാത്രം ദിവസം 26.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."