നോട്ട് നിരോധനം ജനത്തിന്റെ ചോദ്യം മറികടക്കാന്‍: ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നു പറഞ്ഞതു നടപ്പാക്കാന്‍ പറ്റാതെ ജനങ്ങളില്‍ നിന്നു ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണു നരേന്ദ്ര മോദി കറന്‍സി നിരോധനം നടപ്പാക്കിയതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കോണ്‍ഗ്രസ് 131ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം കണ്ടെത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനു കോണ്‍ഗ്രസ് എതിരല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
13 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചുവന്നുകഴിഞ്ഞു. ഒരുലക്ഷം കോടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. നോട്ട് നിരോധന ഘട്ടത്തിലുണ്ടായിരുന്ന മോദിയുടെ പ്രതീക്ഷകളെല്ലാം താറുമാറാവുകയാണ്.
കള്ളപ്പണം കണ്ടെത്താന്‍ ഒരുരാത്രി കൊണ്ടു നോട്ട് നിരോധിച്ചപ്പോള്‍ സാധാരണക്കാരാണു ദുരിതത്തിലായത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതിനൊപ്പം എല്ലാ മേഖലയും തകര്‍ച്ചയിലേക്കു നീങ്ങുകയാണ്. മോദി പറഞ്ഞ ലക്ഷ്യത്തിലേക്കു നീങ്ങുന്നില്ലെന്നു അമ്പതുദിവസം കൊണ്ട് ജനത്തിനു ബോധ്യപ്പെടുകയാണ്.
നോട്ട് നിരോധനം കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചതു ക്രിമിനല്‍ കുറ്റമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി. മുന്‍മന്ത്രിമാരായ കെ സുധാകരന്, കെ.സി ജോസഫ്, കെ സുരേന്ദ്രന്, കെപിസിസി ജനറല്‍സെക്രട്ടറിമാരായ വി.എ നാരായണന്, സുമാ ബാലകൃഷ്ണന്, സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്മാന് പ്രൊഫ. എ.ഡി മുസ്തഫ, കെ.സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."