കീഴാറ്റൂര്‍ ബൈപ്പാസ്: സി.പി.എം നേതൃത്വത്തിനെതിരേ അണികള്‍
തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസ് റോഡ്പ്രശ്‌നത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തെ ഞെട്ടിപ്പിച്ച് പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നതോടെ തളിപ്പറമ്പില്‍ സി.പി.എമ്മില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തു വന്നു. ഇ.പി ജയരാജനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അച്ചടക്ക നടപടി പ്രതീക്ഷിച്ചുനില്‍ക്കുകയായിരുന്ന കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി പി. പ്രകാശനെ തല്‍സ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്. പകരം യു. രാഘവനെ നിയമിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിനും പ്രകാശനാണ് നേതൃത്വം നല്‍കിയത്.
70 ഏക്കറോളം വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരേ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധിതവണ സര്‍വേ തടയലും പൊലിസ് ഇടപെടലും ഉണ്ടായിരുന്നു.
തുടര്‍ന്നു സി.പി.എം നേതൃത്വം ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നത്തില്‍ ഇടപെടുകയും ജില്ലാസെക്രട്ടറി പി. ജയരാജന്‍ കലക്ടറുമായി ബന്ധപ്പെട്ട് അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ ധാരണയിലുമെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നേരത്തേ റോഡിനായി സര്‍വേ പൂര്‍ത്തീകരിച്ച സ്ഥലത്തു തന്നെ പൊലിസ് സഹായത്തോടെ കുറ്റിയടിച്ചതോടെയാണു നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
എം.എല്‍.എക്കെതിരേയും പാര്‍ട്ടി നേതൃത്വത്തിനെതിരേയും രൂക്ഷമായി പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. വയല്‍ നികത്തുന്നവര്‍ സി.പി.എമ്മിന്റെ പ്രകടന പത്രിക പരിശോധിക്കണമെന്നു പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലും പാര്‍ട്ടിക്കെതിരേയും പരിഹാസം നിറഞ്ഞ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബൈപ്പാസിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വാക്ക്‌പോരും നടക്കുന്നുണ്ട്. എന്തു തന്നെയായാലും കീഴാറ്റൂരില്‍ വയല്‍നികത്തി റോഡ് പണിയാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രതിഷേധക്കാര്‍. തണ്ണീര്‍ത്തട നിയമം ലംഘിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."