പ്രസിഡന്റ് നിയമന വിവാദം കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കില്ലെന്നു ഐ.ഒ.എ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു കേന്ദ്ര കായിക മന്ത്രാലയം അയച്ച കാരണം കാണിക്കല്‍ നോട്ടിസിനു അസോസിയേഷന്‍ ഇന്നു മറുപടി നല്‍കില്ല. നോട്ടിസിനു ഇന്നു മറുപടി നല്‍കണമെന്നു മന്ത്രലായം വ്യക്തമാക്കിയിരുന്നു. ആജീവനാന്ത പ്രസിഡന്റുമാരായി സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും നിയമിച്ചതിനെതിരേയാണ് മന്ത്രാലയം ഐ.ഒ.എയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസയച്ചത്.
വിഷയത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും ഐ.ഒ.എ അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവന്‍ നരീന്ദര്‍ ബത്ര ന്യൂസിലന്‍ഡിലാണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സ്വതന്ത്ര കായിക സംഘടനയാണ്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കാണ് ഐ.ഒ.എ പ്രഥമ പരിഗണന നല്‍കുന്നത്. അതിനാല്‍ ഇത്തരത്തില്‍ മന്ത്രാലയം അയക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിനു ഐ.ഒ.എ നേരിട്ടു മറുപടി പറയേണ്ട ആവശ്യമില്ല. മറുപടി നല്‍കേണ്ടതുണ്ടെങ്കില്‍ തന്നെ അന്താരാഷ്ട്ര സമിതിയുടെ അഭിപ്രായം തേടിയ ശേഷം ആലോചിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ 27നു ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് ഐ.ഒ.എ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. നിയമനത്തിനു ശേഷം വിവിധ കോണുകളില്‍ നിന്നു കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഐ.ഒ.എയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുവരേയും ആജീവനാന്ത അധ്യക്ഷന്‍മാരാക്കാനുള്ള തീരുമാനെടുത്ത ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രനെയും മന്ത്രി വിമര്‍ശിച്ചിരുന്നു.
മുന്‍ ലോക്‌സഭാംഗമായ സുരേഷ് കല്‍മാഡി 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായി 10 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അനധികൃത സ്വത്തു സമ്പാദനത്തില്‍ ചൗട്ടാലയ്‌ക്കെതിരേ നിലവില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."