ദേശീയ സീനിയര്‍ വോളി കേരളത്തിന് ഇരട്ട ഫൈനല്‍
ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു ഇരട്ട ഫൈനല്‍. കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ സെമിയില്‍ ഉജ്ജ്വല വിജയം പിടിച്ചാണ് കിരീട പോരാട്ടത്തിനെത്തുന്നത്. അവസാന നാലിലെ പോരാട്ടത്തില്‍ കേരളത്തിന്റെ പുരുഷ ടീം തമിഴ്നാടിനെ പരാജയപ്പെടുത്തിയപ്പോള്‍ വനിതാ ടീം മഹാരാഷ്ട്രയേയാണ് കീഴടക്കിയത്. രണ്ടു വിഭാഗം ഫൈനലിലും റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. പുരുഷ വിഭാഗത്തില്‍ റെയില്‍വേസ് പഞ്ചാബിനേയും വനിതാ വിഭാഗത്തില്‍ റെയില്‍വേസ് ആന്ധ്രപ്രദേശിനേയും വീഴ്ത്തി. ഇന്നു നടക്കുന്ന ഫൈനലില്‍ ഇരു വിഭാഗത്തിലും കേരളം റെയില്‍വേസുമായി ഏറ്റുമുട്ടും.
കടുത്ത പോരാട്ടത്തില്‍ തമിഴ്നാടിന്റെ വെല്ലുവിളി അതിജീവിച്ചാണ് കേരളത്തിന്റെ പുരുഷന്മാരുടെ വിജയം. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് കേരളം വിജയിച്ചു കയറിയത്. സ്കോര്‍: 19-25, 25-19, 25-23, 25-16. ആദ്യ സെറ്റ് 19-25നു തമിഴ്നാട് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇതേ സ്കോറില്‍ തമിഴ്നാടിനെ വീഴ്ത്തി കേരളം തിരിച്ചടിച്ചു. മൂന്നാം സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ഒരു ഘട്ടത്തില്‍ കേരളം 12-11നു പിന്നിലും പോയി. എന്നാല്‍ മനോധൈര്യം വിടാതെ പൊരുതി കേരളം 25-23നു സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ തമിഴ്നാടിനു ഒരവസരവും നല്‍കാതെ ആധികാരിക വിജയം പിടിച്ചാണ് കേരളം ഫൈനലിലേക്കു മാര്‍ച്ച് നടത്തിയത്.
സമാന പോരാട്ടമാണ് വനിതകളും നടത്തിയത്. മഹാരാഷ്ട്രയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് വനിതകള്‍ കീഴടക്കിയത്. സ്കോര്‍: 25-18, 21-25, 25-21, 25-14. ആദ്യ സെറ്റ് സ്വന്തമാക്കി കേരളത്തിന്റെ വനിതകള്‍ കരുത്തു കാട്ടിയെങ്കിലും രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതി മഹാരാഷ്ട്ര 21-25നു സെറ്റ് പിടിച്ച് പോരാട്ടം 1-1നു സമനിലയിലാക്കി. മൂന്നാം സെറ്റിലും മഹാരാഷ്ട്രയുടെ വനിതകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ നിര്‍ണായക പോയിന്റുകള്‍ നേടി കേരളം 25-21ല്‍ മത്സരം സ്വന്തമാക്കി. അവസാന സെറ്റില്‍ കേരളം മഹാരാഷ്ട്രയെ നിലംപരിശാക്കുന്ന പോരാട്ട മികവിലൂടെ സെറ്റു മത്സരവും പിടിച്ചെടുത്തു.
പുരുഷ വിഭാഗത്തില്‍ റെയില്‍വേസ് 3-1നാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 25-17, 25-23, 22-25, 25-23.
വനിതാ വിഭാഗത്തില്‍ റെയില്‍വേസ് 3-0ത്തിനു മത്സരം സ്വന്തമാക്കി. വനിതകള്‍ അനായാസമായി ആന്ധ്രയെ വീഴ്ത്തുകയായിരുന്നു. സ്കോര്‍: 25-12, 25-12, 25-10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."