പുതുവര്‍ഷത്തില്‍ മാതൃകാ ജീവനക്കാര്‍ക്ക് പാരിതോഷികവുമായി കെ.എസ്.ആര്‍.ടി.സി
കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പുതുവര്‍ഷസമ്മാനവുമായി കോര്‍പറേഷന്‍ സര്‍ക്കുലര്‍. എല്ലാ ഡിപ്പോകളില്‍ നിന്നും എല്ലാ മാസവും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തി അവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് സര്‍ക്കുലര്‍ തീരുമാനം. 1000 രൂപയാണ് ഇവര്‍ക്ക് പാരിതോഷികമായി ലഭിക്കുക. കൂടാതെ വര്‍ഷം മുഴുവന്‍ ഈ അവാര്‍ഡ് കരസ്ഥമാക്കുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഗുഡ് സര്‍വിസ് എന്‍ട്രിയും ഒരു വാര്‍ഷിക ഇന്‍ക്രിമെന്റും അധികമായി നല്‍കും. ഈ ജീവനക്കാരുടെ ചിത്രങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുകയും യൂനിഫോമില്‍ മെഡല്‍ സ്ഥാപിക്കുകയും ചെയ്യും.
ജീവനക്കാര്‍ക്ക് പുറമെ നല്ല യൂനിറ്റായി തിരഞ്ഞെടുക്കുന്ന ഡിപ്പോകള്‍ക്കും സമ്മാനുമുണ്ട്. മികച്ച ഡിപ്പോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. ആറുമാസം ഇത് കാത്തു സൂക്ഷിക്കുന്ന ഡിപ്പോയ്ക്ക് ഒരു കോടി രൂപ ഡിപ്പോ വികസനത്തിനായി നല്‍കും. 2017 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ രക്ഷിക്കുന്നതിന് പുതുതായി ചാര്‍ജെടുത്ത എം.ഡി എം.ജി രാജമാണിക്യം നിവരവധി പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നാണ് കരുതുന്നത്. കൂടാതെ ശമ്പളം കൃത്യമായി ലഭിക്കാത്തതില്‍ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്. ഇതിന് ഒരു പരിഹാരം കാണുകയെന്ന ലക്ഷ്യവും ഇപ്പോള്‍ ഇറങ്ങിയ സര്‍ക്കുലറിലുണ്ട്. പദ്ധതി നടപ്പിലാക്കിയാല്‍ അത് ഡിപ്പോകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സരബുദ്ധിയോടെ ഡിപ്പോകള്‍ പ്രവര്‍ത്തിച്ചാല്‍ അത് യാത്രക്കാര്‍ക്ക് ഗുണകരമാകും. മാത്രവുമല്ല റിവാഡ് ലഭിക്കുന ഒരുലക്ഷം രൂപ ഉപയോഗിച്ച് ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. ഗുഡ് സര്‍വിസ് എന്‍ട്രിയും വാര്‍ഷിക ഇന്‍ക്രിമെന്റും ലഭിക്കുമെന്നതിനാല്‍ ജീവനക്കാര്‍ക്കും ഇതിനോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
എന്നാല്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. കൃത്യമായി ശമ്പളം പോലും നല്‍കാന്‍ പണമില്ലാത്ത കോര്‍പറേഷന്‍ ഇതിനുള്ള തുക എവിടെനിന്ന് കണ്ടെത്തുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."