കോണ്‍ഗ്രസ് നേതാക്കള്‍ നാവടക്കി സംയമനം പാലിക്കണം: കെ.കെ വിശ്വനാഥന്‍
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാക്കള്‍ നാവടക്കി സംയമനം പാലിക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും, പൂതാടി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.കെ വിശ്വനാഥന്‍. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരെ അദ്ദേഹം പ്രതികരിച്ചത്. ചിലരെ സ്ഥാനത്തു നിന്നു മാറ്റാനും ചിലരെ വാഴിക്കാനും ചില നേതാക്കള്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇന്നത്തെ തമ്മിലടിക്കു കാരണം. കോണ്‍ഗ്രസിനെ കുഴിമാടത്തിലേക്ക് കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഒരു നേതാവിന്റെയും വലുപ്പം കണ്ടിട്ടല്ല. നേതാക്കളുടെ ചക്കളത്തി പോരാട്ടവും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും കണ്ട് ജനം മടുത്തിരിക്കുന്നു.
അടിയന്തിരാവസ്ഥകാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഗാന്ധിക്കു നല്‍കിയ 'നാവടക്കൂ, പണിയെടുക്കു' എന്ന സന്ദേശം പ്രാവര്‍ത്തികമാക്കി മുന്നോട്ടു പോകാന്‍ നേതാക്കള്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടി നാശത്തിന്റെ വക്കിലെത്തും. അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അവസാന കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്ന് ചരിത്രം രേഖപ്പെടുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തിലെത്തിയത് ജനപ്രീതി കൊണ്ടോ, നയപരിപാടികള്‍ കൊണ്ടോ അല്ല. മറിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ കുതികാല്‍വെട്ടിന്റെ ഫലമായാണ്. കോണ്‍ഗ്രസില്‍ ഇന്ന് വീമ്പടിക്കുന്ന നേതാക്കളില്‍ പലരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫിസിന്റെ തിണ്ണ നിരങ്ങിയവരാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ജീവനെപോലെ സ്‌നേഹിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."