ഹോര്‍ട്ടി കോര്‍പ് കൂടുതല്‍ മറയൂര്‍ ശര്‍ക്കര സംഭരിക്കും: മന്ത്രി
മൂന്നാര്‍: മറയൂരില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കര സംസ്ഥാന ഹോര്‍ട്ടി കോര്‍പ് കൂടുതലായി സംഭരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.
കാന്തല്ലൂര്‍, മറയൂര്‍ മേഖലയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചശേഷം മറയൂര്‍ വ്യാപാരഭവനില്‍ നടത്തിയ കര്‍ഷകരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കരിമ്പ് കൃഷിക്ക് ജലസേചനത്തിനായി സൗജന്യനിരക്കില്‍ വൈദ്യുതി ലഭ്യമാക്കണമെന്ന് കര്‍ഷകരുടെ ആവശ്യം പരിഗണിക്കുമെന്നും ഇതിനായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മേഖലയില്‍ ജലസേചന സൗകര്യങ്ങള്‍ക്കായി ചെക്ക് ഡാമുകളുടെ നിര്‍മാണത്തിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍നടപടികള്‍ ഉണ്ടാകും. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കൃഷിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കുമെന്നു മന്ത്രി പറഞ്ഞു.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തരിശുഭൂമി കൃഷി യോഗ്യമാക്കാനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എസ് രാജേന്ദ്രന് എം.എല്‍.എ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഹോര്‍ട്ടികോര്‍പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കര്‍ഷക പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."