കുണ്ടൂര്‍ തോട് നവീകരണ പദ്ധതി കിഫ്ബി ഏറ്റെടുത്തു
തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂര്‍ തോട് നവീകരണ പദ്ധതി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഏറ്റെടുത്തു.
കഴിഞ്ഞ ബജറ്റിലെ മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിക്കപ്പെട്ട 15 കോടി രൂപക്കുള്ള പ്രവൃത്തിയാണ് ഇപ്പോള്‍ കിഫ്ബി ഏറ്റെടുത്തിരിക്കുന്നതെന്ന് സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തെ ഒന്‍പത് പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിയിരിക്കുന്നത്. അതില്‍ രണ്ടാംസ്ഥാനമാണ് കുണ്ടൂര്‍തോടിന് .
പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങാനാകുമെന്ന് അബ്ദുറബ്ബ് പറഞ്ഞു. 4.90 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കുണ്ടൂര്‍ തോട് ആഴം കൂട്ടി ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് തെയ്യാറാക്കിയ 15 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബി അംഗീകരിച്ചിരിച്ചിട്ടുണ്ട്.
തോട്ടില്‍ ഇപ്പോഴുള്ളതില്‍ നിന്നും ഒരു മീറ്റര്‍ ആഴം കൂട്ടി മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഇരുവശങ്ങളിലും കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുന്നതാണ് പദ്ധതി. തോട് പൂര്‍ണ്ണമായും പാടശേഖരത്തിലൂടെ ആയതിനാല്‍ കരിങ്കല്ല് പാകി അതിന് മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് നല്‍കും.
അടിതട്ട് ഒലിച്ച് പോകുന്നത് തടയുന്നതിന് തോടിന് കുറുകെ 100 മീറ്റര്‍ ഇടവിട്ട് ബെഡ് നിരപ്പിന് താഴെ കരിങ്കല്ല് കെട്ടും എസ്റ്റിമേറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."