കണ്ണീരോടെ സദസ് കണ്ടുനിന്നു ഷിഫാനയുടെ നൃത്തം
തിരൂരങ്ങാടി: കാല്പാദങ്ങളില്ലാതെ ഷിഫാന രാഗത്തിനൊത്തു നൃത്തംചെയ്തപ്പോള് കാഴ്ചക്കാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പാലത്തിങ്ങല്‍ എ.എം.യു.പി സ്കൂളില്‍ നടന്നുവരുന്ന ഫെയ്സ് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ഇന്‍സ്പെയര്‍ ക്യാംപിലായിരുന്നു ബേബി ഷിഫാനയുടെ നൃത്തം.
മഞ്ചേരി ആമയൂര്‍ കളത്തിങ്ങല്‍ അസ്കര്‍, സംസാര് ദമ്പതികളുടെ ഏക മകളായ ഈ പതിനൊന്നുകാരി കാരക്കുന്ന് എ.യു.പി സ്കൂള്‍ ആറാംതരം വിദ്യാര്‍ഥിനിയാണ്.
ജന്മനാ അംഗവൈകല്യം സംഭവിച്ച ഷിഫാനയ്ക്കു കാല്പാദങ്ങളും കൈപ്പത്തികളും ഇല്ല. എന്നാലും, വൈകല്യത്തെ തോല്‍പ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ഭക്ഷണം കഴിക്കാനുമൊക്കെ ഷിഫാനയ്ക്കു സഹായത്തിന് ആളുവേണ്ട.
നൃത്തവേദികളിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ വിദ്യാര്‍ഥിനി.
ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഒപ്പന, നൃത്തം എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
കഴിഞ്ഞവര്‍ഷം സ്കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും മുംബൈയിലും ബി.ആര്.സി.ക്കു കീഴില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ വിവിധ പരിപാടികളിലും കഴിവുതെളിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഡോക്ടറോ നര്‍ത്തകിയോ ആകണമെന്നാണ് ഷിഫാനയുടെ ആഗ്രഹം.
24ന് ആരംഭിച്ച ക്യാംപ് 31ന് അവസാനിക്കും. ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.
ദുബൈ ഫോറം ഗ്രൂപ്പ് ചെയര്മാന് സിദ്ദീഖ്, ഡയറക്ടര്‍ ത്വല്‍ഹത്ത്, പി.എം ഷാഹുല്‍ഹമീദ്, ടി.പി.എം ബഷീര്‍, എച്ച്. ഹനീഫ, സി.കെ.എ റസാഖ്, പി.ഒ നഈം, സി. അബ്ദുറഹ്മാന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."