റോഹിംഗ്യ: ഭരണകൂട വിവേചനത്തിന്റെ കണ്ണീര്‍ക്കാഴ്ച
പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ആ ആര്‍ത്തനാദം ഇപ്പോഴും നിലച്ചിട്ടില്ല... ദിനമോരോന്നും കഴിയുംതോറും കാണാനും കേള്‍ക്കാനും കഴിയാത്തവിധം മ്യാന്‍മറിന്റെ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണ്.
വിദേശ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള മ്യാന്മറില്‍ നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. വംശീയ ഉന്മൂലനം അതിന്റെ ഏറ്റവും ഭയാനകമായ തരത്തില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുമ്പോള്‍ ഭരണകൂടം അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. തങ്ങളൊഴികെ മറ്റാരും മ്യാന്മറില്‍ പാടില്ലെന്ന ബുദ്ധിസ്റ്റ് ആശയത്തിന് കുട പിടിക്കുകയാണ് ഭരണകൂടം. ഒരു ജനത, അവരുടെ വിശ്വാസത്തിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നത് ലോകത്ത് ജനാധിപത്യവും സമാധാനവും സുരക്ഷയുമൊക്കെയുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ലോക പോലിസുകാര്‍ക്ക് പ്രശ്‌നമേ ആകുന്നില്ല. 'മ്യാന്‍മര്‍' മാറിയിരിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അവരുടെ ഭാഷ്യം. മ്യാന്‍മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂകി വെട്ടിനുറുക്കപ്പെടുന്ന മനുഷ്യര്‍ക്കു വേണ്ടി ഒരു വാക്കുപോലും ഉരിയാടുന്നില്ല. 1990 തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷ കക്ഷിയായ ഓങ് സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താന്‍ മുന്‍നിരയിലുണ്ടായിരുന്നത് റോഹിംഗ്യന്‍ മുസ്‌ലിംകളായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
ഒരു റോഹിംഗ്യന്‍ മുസ്‌ലിംയുവാവും ബുദ്ധമതക്കാരിയും തമ്മിലുണ്ടായ പ്രണയവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇന്ന് ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിലേക്ക് എത്തിനില്‍ക്കുന്നത്. അഞ്ചര കോടിയോളം വരുന്ന മ്യാന്‍മര്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്‌ലിംകളാണ്. പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിംഗ്യന്‍ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. അറബ് നാവികരുടെ പിന്‍മുറക്കാരാണ് ഇവരെന്നാണ് ചരിത്രം. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700 വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിംഗ്യകളുടെ അഭിമാനകരമായ നിലനില്‍പ്പ് അപകടത്തിലായി. പിന്നെ ബ്രിട്ടിഷ് അധിനിവേശകാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിംഗ്യകളെ ഉന്‍മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നു. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നുപോയില്ല.1982ല്‍ സൈനിക ഭരണകൂടം പൗരത്വനിയമം കൊണ്ടുവന്നതോടുകൂടിയാണ് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ത ഏറെ പരിതാപകരമായിത്തുടങ്ങിയത്.
സര്‍ക്കാരിന്റെ തിട്ടൂരമില്ലാതെ ഇസ്‌ലാമികരീതിയില്‍ വിവാഹം കഴിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. കുട്ടികളുണ്ടായാല്‍ തീവ്രവാദികള്‍! മക്കളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയില്ല. നല്ല തൊഴില്‍ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. വീടും സ്ഥലവുമൊന്നും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. തികച്ചും അടിമത്തം പേറേണ്ടിവരുന്ന ജീവിതങ്ങള്‍. പുറത്തുനിന്ന് അതിഥികളെ സ്വീകരിക്കണമെങ്കില്‍ പട്ടാളത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇസ്‌ലാമിക ചിഹ്നങ്ങളും സംസ്‌കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നു. പള്ളികളും ഇസ്‌ലാമിക പാഠശാലകളും അനധികൃത സ്ഥാപനങ്ങളാണെന്നാണ് ബുദ്ധ'മതം'. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുന്ന ബുദ്ധമതവിശ്വാസികള്‍ പ്രതികാരദാഹികളായ ഗോത്രവര്‍ഗങ്ങളാണെന്നാണ് പറയപ്പെടുന്നത്. 16ാം നൂറ്റാണ്ടില്‍ ബര്‍മയിലേക്ക് കുടിയേറിയ പ്രസ്തുത വിഭാഗം 18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്ത് പിടിമുറുക്കുകയും അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ചെയ്തു. വിവിധ ഭാഷകള്‍, ആചാരങ്ങള്‍ പുലര്‍ത്തുന്നവരായി 140 വിഭാഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഒരുകാലത്ത് ഇസ്‌ലാം വ്യാപകമായി പ്രചരിച്ചിരുന്നു. ബുദ്ധ വാദികളുടെ പ്രതികാരത്തിന് കാരണവും ഇതായിരിക്കാം. മ്യാന്‍മറിലെ നൂറുകണക്കായ അവാന്തര വിഭാഗങ്ങളില്‍ ഏറ്റവും ദരിദ്ര വിഭാഗമാണ് മുസ്‌ലിം ന്യൂനപക്ഷം.
1942ല്‍ 'മാഗ്' ബുദ്ധിസ്റ്റുകള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തുകയും ചെയ്തു.
1962ല്‍ അന്നത്തെ പട്ടാള ജനറലായിരുന്ന നിവിന്‍ (ചലംശി) സോവിയറ്റ് റഷ്യയുടെയും ചൈനയുടെയും'കമ്മ്യൂണിസ്റ്റ്'പിന്തുണയോടെ നടത്തിയ പട്ടാള അട്ടിമറിയോടെയാണ് സൈന്യത്തിന് മുസ്‌ലിംകള്‍ ശത്രുക്കളായി മാറുന്നത്. തുടര്‍ന്ന് ബര്‍മീസ് മുസ്‌ലിംകള്‍ക്ക് പീഡനത്തിന്റെ നാളുകളായിരുന്നു. മുസ്‌ലിം വിഭാഗങ്ങളെ കൂട്ട പലായനത്തിന് നിര്‍ബന്ധിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. അഞ്ചു ലക്ഷത്തിലധികം മുസ്‌ലിംകളെയാണ് ബര്‍മയില്‍നിന്ന് സൈന്യം ഒന്നിച്ചുപുറന്തള്ളിയത്. രേഖകളില്ലാതെ മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞുതിരിയുന്ന ഇക്കൂട്ടരുടെ ജീവിതം നരകതുല്യമാണ്.
1978ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. 1982ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്‌ലിംകളുടെ പൗരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്.
ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റു രേഖകളോ ഇല്ല. ഏതു നിമിഷവും അന്യാധീനപ്പെട്ടേക്കാം. അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. എന്നാല്‍, ഭൂമി മുഴുവന്‍ സര്‍ക്കാരോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യും. ഒരു തരം അടിമത്തമാണ് ജീവച്ഛവങ്ങളെ പോലെ കഴിയുന്ന ഈ മനുഷ്യര്‍ അനുഭവിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വൈദ്യുതിനിലയങ്ങള്‍ തുടങ്ങിയ നിര്‍മാണത്തിന് റോഹിംഗ്യന്‍ യുവാക്കളെ പിടിച്ചുകൊണ്ടുപോകും. കുറഞ്ഞ കൂലിയേ നല്‍കൂ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഈ അടിമത്തം അരങ്ങേറുന്നു. വീട് വയ്ക്കാനുള്ള അവകാശം ഇവര്‍ക്കില്ല. അനുമതിയില്ലെന്ന് പറഞ്ഞ് പട്ടാളമെത്തി പൊളിച്ചുനീക്കും റോഹിംഗ്യകള്‍ ചുമരുവച്ച വീട്ടില്‍ താമസിക്കുന്നത് സുരക്ഷയ്ക്കു ഭീഷണിയാണത്രേ. ടെന്റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. വെള്ളമോ വെളിച്ചമോ ഇവിടേക്ക് എത്തിനോക്കില്ല. പൗരത്വമില്ലാത്ത 'സാമൂഹിക വിരുദ്ധരോട്' സര്‍ക്കാരിന് ഉത്തരവാദിത്തമൊന്നുമില്ലല്ലോ.
ഈ ഭരണകൂട വിവേചനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഹിംഗ്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഡിസംബര്‍ 31 ന് വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാലിയും പൊതുസമ്മേളനവും നടക്കുകയാണ്. ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന റോഹിംഗ്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കേണ്ടത് മനുഷ്യത്വമുള്ളവരുടെ ഉത്തരവാദിത്തമാണ്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."