അരുണാചലില്‍ എന്നും രാഷ്ട്രീയ അസ്ഥിരത
ഇറ്റാനഗര്‍: രാഷ്ട്രീയ അസ്ഥിരതയാണ് വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ എക്കാലവും അസ്വസ്ഥമാക്കുന്നത്. ഒരു സര്‍ക്കാറിനും സ്ഥിരതയോടെ ഭരണം നടത്താന്‍ ഈ സംസ്ഥാനത്ത് കഴിയുന്നില്ലെന്നതാണ് വാസ്തവം. വിമത നീക്കവും പാര്‍ട്ടിയില്‍ നിന്ന് കാലുമാറി സര്‍ക്കാറുകളെ അട്ടിമറിക്കുന്നതും സ്ഥിരമായതാണ് അരുണാചലിനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച രാജ്യത്തെ ഏക സംസ്ഥാനമെന്ന പദവിയും അരുണാചലിന് സ്വന്തമാണ്.
കഴിഞ്ഞ ജൂലൈയില്‍ വിമത നീക്കത്തിലൂടെ കോണ്‍ഗ്രസിലെ നബാം തുകിയെ അട്ടിമറിച്ചാണ് പെമ ഖണ്ഡു മുഖ്യമന്ത്രിയായത്. തുടര്‍ന്ന് സെപ്റ്റംബറില്‍ പെമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ 43 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലി(പി.പി.എ)ല്‍ ചേര്‍ന്നു. ബി.ജെ.പിയും പി.പി.എയും ഉള്‍പ്പെടുന്ന നേര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യമാണ് അരുണാചലില്‍ ഭരണത്തിലുള്ളത്. നേരത്തെ ബി.ജെ.പി പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുള്‍ മുഖ്യമന്ത്രിയായത്.
അതേസമയം പാര്‍ട്ടി നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പെമ ഖണ്ഡു വ്യക്തമാക്കി. പി.പി.എയിലെ ഭൂരിപക്ഷം എം.എല്‍.എമാരും ഖണ്ഡുവിനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിയിലെത്തിയവരാണെന്നതിനാല്‍ നിയമ നടപടിക്കോ അട്ടിമറിക്കോ ഖണ്ഡു ശ്രമിച്ചാല്‍ അരുണാചല്‍ രാഷ്ട്രീയംവീണ്ടും അരക്ഷിതമാകും.
ജൂലൈയില്‍ വിമത നീക്കത്തിലൂടെയാണ് കോണ്‍ഗ്രസിലെ നബാം തുകിക്കു പകരം ഖണ്ഡു മുഖ്യമന്ത്രിയായത്. സെപ്തംബറില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് ഖണ്ഡുവും 42 എം.എല്‍.എമാരും പി.പി.എക്കൊപ്പം ചേര്‍ന്നു. ഇത് കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം നഷ്ടമാക്കാനിടയാക്കി. ഇതോടെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി സഖ്യമുണ്ടാക്കി നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സര്‍ക്കാര്‍ അധികാരത്തിലെത്തി.
വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാഷ്ട്രീയ അസ്ഥിരതയിലാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുകിക്കെതിരേ വിമതര്‍ രംഗത്ത് വന്നതോടെയാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്തത്. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുള്‍ 11 ബി.ജെ.പി എം.എല്‍.എമാരുടെ കൂടെ പിന്തുണയോടെ മുഖ്യമന്ത്രിയായി ഫെബ്രുവരിയില്‍ അധികാരമേറ്റു. എന്നാല്‍ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ പഴയ പടിയായി. നബാം തുകി വീണ്ടും അധികാരത്തിലെത്തി. എന്നാല്‍ 60 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തുകി സര്‍ക്കാരിനായില്ല.
ദിവസങ്ങള്‍ക്കകം തുകി അധികാരഭ്രഷ്ടനായി. പിന്നാലെയാണ് സന്ധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഖണ്ഡുവിന്റെ പേര് ഉയര്‍ന്നുവന്നത്.
രാഷ്ട്രീയ അസ്ഥിരതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും ഇടയില്‍ കോണ്‍ഗ്രസ് വിമത മുഖ്യമന്ത്രിയായിരുന്ന കലിഖോ പുള്‍ ഓഗസ്തില്‍ ആത്മഹത്യ ചെയ്തു.
പിന്നാലെ ഖണ്ഡുവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പി.പി.എയില്‍ എത്തി. തുകി മാത്രമാണ് കോണ്‍ഗ്രസില്‍ നിലനിന്നത്. പെമ ഖണ്ഡു മുഖ്യമന്ത്രിയായി ആറ് മാസം പിന്നിടും മുമ്പ് തന്നെ പുറത്തേക്കുള്ള വഴി തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."